ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രമായി നവ്യ നായര്‍; സെന്‍സറിങ് പൂര്‍ത്തിയാക്കി ഒരുത്തീ

December 30, 2020
Oruthee Censoring Completed

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ഒരു വീട്ടമ്മയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയായാണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയും ചിത്രം പറയുന്നു. എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

അതേസമയം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.

Story highlights: Oruthee Censoring Completed