കേരളത്തിലെ ആദ്യ ഹിപ് ഹോപ് ഫെസ്റ്റിവലായി ‘പറ’

December 31, 2020
PARA Hiphop Festival 2020

നാളുകള്‍ ഏറെയായി ഹിപ്‌ഹോപ്പ് സംഗീതത്തിന് കേരളത്തിലും സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ട്. ഹിപ് ഹോപ് സംഗീതത്തെ ഹൃദയത്തിലേറ്റുന്ന നിരവധി കലാകാരന്മാരും നമുക്കിടയിലുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ ആദ്യമായി ഹിപ് ഹോപ് ഫെസ്റ്റിവല്‍ ഒരുങ്ങിയിരിക്കുകയാണ്.

പറ എന്നു പേരിട്ടിരിക്കുന്ന ഹിപ് ഹോപ് ഫെസ്റ്റിവലില്‍ നിരവധി പ്രകടനങ്ങളുണ്ട്. സ്ട്രീറ്റ് അക്കാഡമിക്‌സ് , വേടന്‍, റാപ് കിഡ്, മനുഷ്യര്‍, എ ബി ഐ, വിവ്‌സി, ഫെജോ, നീരജ് മാധവ് , എംസി കൂപര്‍, മര്‍ത്യന്‍, ഇര്‍ഫാന ഹമീദ്, ഇന്ദുലേഖ വാര്യര്‍, ബ്ലാസ് ലി, ശ്രീനാഥ് ഭാസി, ഡിജെ ശേഖര്‍ എന്നീ കലാകാരന്മാരാണ് ‘പറ’യില്‍ അണി ചേരുന്നത്.

കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതപ്പെടുത്തിയ ക്ഷണിതാക്കള്‍ക്കു മുമ്പിലാണ് പറ ഹിപ് ഹോപ് ഫെസ്റ്റിവല്‍ അവതരിപ്പിച്ചത്. ആഷിക് അബു, ബിജിബാല്‍, ഡി ജെ ശേഖര്‍, റിമ കല്ലിങ്കല്‍, മധു സി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സംഗീത ഉത്സവം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ യു ട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നു.

1980 കളില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ലാറ്റിനോ വര്‍ഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ് എന്നത്. താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ഈ സംഗീതരൂപത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെമ്പാടും പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റേയും സ്വരമായി മാറി ഹിപ് ഹോപ് സംഗീതം.

Story highlights: PARA Hiphop Festival 2020