20 വര്‍ഷങ്ങള്‍ക്ക് മുമ്പ്; രണ്ടാം ഭാവത്തിന്റെ ഓര്‍മ്മയില്‍ പൂര്‍ണിമ ഇന്ദ്രജിത്

December 4, 2020
Poornima Indrajith Shares Old Memory

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.

സമൂഹമാധ്യമങ്ങളില്‍ ഇരുപത് വര്‍ഷം മുമ്പത്തെ സിനിമാ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് താരം. രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ ഓര്‍മ്മയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം ഒരു മാഗസീനില്‍ കവര്‍ ചിത്രമായിരുന്നു. ആ മാഗസീന്റെ ചിത്രമാണ് ഓര്‍മ്മക്കുറിപ്പിനൊപ്പം പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്.

Read more: സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്‌ഘാടന ചിത്രമായി മംമ്ത മോഹൻദാസിന്റെ ലാൽബാഗ്

‘ഞാന്‍ എന്താണ് കണ്ടെത്തിയിരിക്കുന്നത് എന്നു നോക്കൂ. എന്റെ രണ്ടാമത്തെ ചിത്രമായ രാണ്ടാം ഭാവത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ. ചില ചിത്രങ്ങള്‍ നമ്മെ ഒരു കൊടുങ്കാറ്റുപോലെ ബാധിക്കാറുണ്ട്. ആ കാലത്തിലേക്കും ചിന്തകളിലേക്കും വികാരങ്ങളിലേക്കുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നു.’ ചിത്രത്തിനൊപ്പം പൂര്‍ണിമ കുറിച്ചു.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അതേസമയം ബോളിവുഡിലും സാന്നിധ്യമറിയിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്.

സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Poornima Indrajith Shares Old Memory