സച്ചിയുടെ സ്വപ്‌നം പൂർത്തിയാക്കാൻ നിർമ്മാണ കമ്പനി പ്രഖ്യാപിച്ച് പൃഥ്വിരാജ്

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമ്മയ്ക്ക് ക്രിസ്‌മസ് ദിനത്തിൽ പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. സച്ചിയുടെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. സച്ചിയുടെ സ്വപ്നമായിരുന്നു ഇതെന്നും ആ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ലക്ഷ്യമെന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകൾ;
നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് സച്ചി ക്രീയേഷൻസ്. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
ഒരുപാട് സുന്ദര സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്ന സംവിധായകന്‍ സച്ചിയേയും അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നത്. സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല സിനിമാലോകവും. അതേസമയം, സച്ചിയുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് താരം.
Read More: സച്ചി തുടങ്ങിവെച്ച ‘വിലായത്ത് ബുദ്ധ’യില്‍ കേന്ദ്രകഥാപാത്രമായി പൃഥ്വിരാജ്; സിനിമയൊരുങ്ങുന്നു
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
Story highlights- sachy creations