വട്ടക്കണ്ണടയും നരച്ച താടിയും കൈയില്‍ കൊക്ക- കോളയും; ഹിറ്റായ സാന്താക്ലോസ് രൂപത്തിന്റെ കഥ
കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി പുതിയ പ്രതീക്ഷകളുമായി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ലോകജനത. മഞ്ഞിന്റെ പുതപ്പണിഞ്ഞ് നക്ഷത്രങ്ങളെ വാരിവിതറിയെത്തുന്ന ഓരോ ധനുമാസവും ക്രിസ്മസിന്റെ സുന്ദരമായ ഓര്‍മ്മകളാല്‍ സമ്പന്നമാണ്.
ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. പുല്‍ക്കൂട്, ക്രിസ്മസ്ട്രീ, നക്ഷത്രം, കരോള്‍ പിന്നെ സാന്താക്ലോസും. കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ കാത്തിരിക്കുന്ന കുട്ടികളേറെയാണ്. സാന്താക്ലോസ് എന്നു കേള്‍ക്കുമ്പോള്‍ ചുവപ്പു വസ്ത്രവും വട്ട കണ്ണടയും നരച്ച താടിയുമൊക്കെയുള്ള രൂപമാണ് മനസ്സിലേക്ക് വരാറുള്ളത്. എന്നാല്‍ ഈ സാന്താക്ലോസ് രൂപത്തിന് കൊക്ക- കോളയുമായി ഒരു ബന്ധമുണ്ട്. ആ കഥയിലേക്ക്…
വിശുദ്ധനായ നിക്കോളാസ് എന്ന ബിഷപ്പാണ് സാന്താക്ലോസ് എന്ന് അറിയപ്പെടുന്നത്. അതായത് സെന്ര് നിക്കോളാസിന്റെ ചുരുക്കെഴുത്ത്. എന്നാല്‍ അദ്ദേഹത്തിന്റെ രൂപം ഇന്നു നാം കാണുന്ന സാന്താക്ലോസ് അഥവാ ക്രിസ്മസ് അപ്പൂപ്പന്റേതിന് സമാനമായിരുന്നില്ല. ലോകം മുഴുവന്‍ ഹിറ്റായ അമാനുഷനായ ഒരു ക്രിസ്മസ് അപ്പൂപ്പന്റെ രൂപത്തെ സൃഷ്ടിച്ചെടുത്തതില്‍ ഏറിയ പങ്കും കൊക്ക-കോള കമ്പനിയ്ക്കാണ്.
കച്ചവ്വടതാല്പര്യങ്ങള്ക്കായി സാന്താക്ലോസിനെ ആദ്യമായി ഉപയോഗിച്ചതും കൊക്ക- കോള കമ്പനിയാണ്. അതിനായി കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്ത് വരച്ച സാന്താക്ലോസിന്റെ കാരിക്കേച്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു സാന്താക്ലോസ് രൂപത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു കൊക്ക-കോള കമ്പനി. കമ്പനിയുടെ പരസ്യചിത്രത്തിനായി 1931 ലാണ് ഹാഡണ്‍ സണ്‍ബ്ലോം നരച്ച താടിയും കുടവയറും ചുവന്ന വേഷവുമുള്ള ഭീമന് സാന്താക്ലോസിനെ സൃഷ്ടിച്ചെടുത്തത്.
ലോകശ്രദ്ധ നേടുകയും ചെയ്തു കൊക്ക-കോള കമ്പനി രൂപം കൊടുത്ത സാന്താക്ലോസ്. ഒരുകാലത്ത് കൊക്ക-കോള കുടിക്കുന്ന സാന്താക്ലോസിന്റെ ചിത്രം പോലും ഏറെ ജനകീയമായി. സാന്താക്ലോസ് എന്ന പരസ്യതന്ത്രം കൊക്കകോള കമ്പനിക്ക് വിജയമായിരുന്നു. ഇത് മനസിലാക്കിയ മറ്റ് കമ്പനികളും പിന്നീട് ഭീമന് സാന്താക്ലോസ് രൂപത്തെ പരസ്യവത്കരിച്ചുതുടങ്ങി. അങ്ങനെ ഇന്നു നാം കാണുന്ന സാന്താക്ലോസ് രൂപം ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ടു.
Story highlights: Santa Claus Special Story