കൊറോണ വൈറസിന്റെ ജനിതകമാറ്റം; രാജ്യാതിര്‍ത്തികള്‍ അടച്ച് സൗദി

December 21, 2020
Covid positive Cases

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ് ഭീതി. നാളുകള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. മാത്രമല്ല കൊറോണ വൈറസിന്റെ ജനിതകമാറ്റം കൂടുതല്‍ ഭീതി സൃഷ്ടിക്കുന്നു പല രാജ്യങ്ങളിലും.

കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ഇതേതുടര്‍ന്ന് സൗദി അറേബ്യയില്‍ രാജ്യാതിര്‍ത്തികള്‍ അടച്ചിട്ടു. രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര-നാവിക- വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.

അതേസമയം നിലവില്‍ ഒരാഴ്ചത്തേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ യാത്രാവിലക്ക് ദീര്‍ഘിപ്പിക്കുമെന്നും സൗദി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story highlights: Saudi halts international flights