ഏഴാം വയസ്സില്‍ വിമാനം പറത്തി ശ്രദ്ധനേടിയ കുട്ടിപൈലറ്റ്
ഏഴാം വയസ്സില്‍ വിമാനം പറത്തി താരമായിരിക്കുകയാണ് ഗ്രഹാം ഷെമ എന്ന മിടുക്കന്‍. ഉഗാണ്ടയിലെ ഈ മടുക്കനെ രാജ്യവും സൈബര്‍ ഇടങ്ങളും ക്യാപ്റ്റന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നു. മൂന്ന് തവണ ഗ്രഹാം വൈദഗ്ധ്യപൂര്‍വ്വം വിമാനം പറത്തിയിട്ടുണ്ട്.
സെസ്‌ന 172 വിമാനമാണ് ഗ്രഹാം പറത്തിയത്. തന്റെ മൂന്നാമത്തെ വയസ്സുമുതല്‍ വിമാനങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഗ്രഹാം. ഒരിക്കല്‍ താഴ്ന്നുപറന്ന ഒരു ഹെലികോപ്റ്റര്‍ ഗ്രഹാമിന്റെ മുത്തശ്ശിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയുണ്ടായി. ആ സംഭവം ഗ്രഹാമിനെ വളരെയധികം സ്പര്‍ശിച്ചു. അന്നുമുതല്‍ മികച്ച ഒരു പൈലറ്റാകണമെന്ന് അവന്‍ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങി.
എപ്പോഴും വിമാനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കാനാണ് ഗ്രഹാമിന്റെ താല്‍പര്യം. അങ്ങനെ കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക ഏവിയേഷന്‍ അക്കാദമിയില്‍ മാതാപിതാക്കള്‍ ഗ്രഹാമിനെ ചേര്‍ത്തു. വിമാന ഭാഗങ്ങളെക്കുറിച്ചും വ്യോമയാന പദാവലികളെക്കുറിച്ചുമുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ ഗ്രാഹാം പങ്കെടുത്തു.
അഞ്ച് മാസത്തെ കോഴ്‌സിന് ശേഷം പ്രാക്ടില്‍ അറിവുകള്‍ക്കായി വിമാനം പറത്തിതുടങ്ങി. മൂന്ന് തവണ അങ്ങനെ ഗ്രഹാം കോ പൈലറ്റായി. കൊവിഡ് മൂലം നിലവില്‍ പ്രായോഗിക പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എങ്കിലും ഏവിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു ഗ്രഹാം. മികച്ച ഒരു പൈലറ്റും ബഹിരാകാശ യാത്രികനുമാകണമെന്നാണ് ഗ്രഹാമിന്റെ ആഗ്രഹം.
Story highlights: Seven-year-old Uganda boy became co- pilot