സിദ്ധാർഥ് മൽഹോത്രയുടെ നായികയായി രശ്‌മിക മന്ദാന ബോളിവുഡിലേക്ക്- ‘മിഷൻ മജ്‌നു’ ഒരുങ്ങുന്നു
തെലുങ്ക് സിനിമാലോകത്തെ ശ്രദ്ധേയ താരം രശ്‌മിക മന്ദാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്ക്രൂവാല, അമർ ബ്യൂട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർഥ് മൽഹോത്രയും രശ്‌മികയും പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. 1970 കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഫെബ്രുവരിയിലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച വിശേഷം രശ്‌മിക ട്വിറ്ററിലൂടെയാണ് അറിയിച്ചത്: ‘സുഹൃത്തുക്കളേ, ഇതാ നിങ്ങൾക്കുള്ള വാർത്ത!ഈ ചിത്രത്തിന്റെ ഭാഗമാകാൻ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇവിടെ ഒരു പുതിയ യാത്ര തുടങ്ങുന്നു’.
Read more: പ്രിയ വസ്ത്രത്തിൽ തിളങ്ങി അനുശ്രീ; ചിത്രങ്ങൾ
‘ഹിന്ദി സിനിമയിൽ എന്റെ യാത്ര ആരംഭിക്കുന്നതിനും പുതിയ പ്രേക്ഷകരിലേക്ക് എത്തുന്നതിനും ഞാൻ അതിയായ ആവേശത്തിലാണ്’ -രശ്മികയുടെ വാക്കുകൾ. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നെ ചിത്രങ്ങളിലൂടെയാണ് രശ്‌മിക പ്രേക്ഷക പ്രിയങ്കരിയായത്. രശ്‌മികയുടെ ഹിറ്റ് നായകനായ വിജയ് ദേവരകോണ്ടയും ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്.
Story highlights- Sidharth Malhotra And Rashmika Mandanna Announce New Film Mission Majnu