സിജു വിത്സണ്‍ നായകനായി ‘ഇന്നുമുതല്‍’ ഒരുങ്ങുന്നു

December 10, 2020
Siju Wilson Innu Muthal New Film

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട് ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്ലറുമെല്ലാം. സിനിമയ്ക്ക് മുമ്പേ പുറത്തെത്തുന്ന ഇത്തരം സൂചനകളില്‍ നിന്നാണ് പലപ്പോഴും പ്രേക്ഷകര്‍ സിനിമയുടെ സ്വഭാവത്തെ തിരിച്ചറിയുന്നതു പോലും.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഇന്നുമുതല്‍’ എന്ന സിനിമയുടെ പോസ്റ്ററും. അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ സിജു വിത്സനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഒരു കണ്ണിന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം.

രജീഷ് മിഥിലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വാരിക്കുഴിയിലെ കൊലപാതകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ സിനിമകള്‍ക്ക് ശേഷം രജീഷ് മിഥില സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഇന്നുമുതല്‍’. ദ് ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജെയിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിമല്‍ കുമാര്‍ സഹനിര്‍മാതാവാണ്.

സംവിധായകന്‍ രജീഷ് മിഥിലയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Siju Wilson Innu Muthal New Film