അഞ്ച് വിക്കറ്റ്; അരങ്ങേറ്റം ഗംഭീരമാക്കി മുഹമ്മദ് സിറാജ്

December 29, 2020
Siraj first India debutant to pick 5 wickets in a Test

ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജ്. മെല്‍ബണില്‍ വെച്ചുനടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ കരുത്തായതും ഈ അഞ്ച് വിക്കറ്റുകളാണ്.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഓസിസ് മണ്ണിലെ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും മുഹമ്മദ് സിറാജ് ആണ്. ഓസിസിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത സിറാജ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് സിറാജ് രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയത്.

അതേസമയം എട്ടുവിക്കറ്റിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. മെല്‍ബണില്‍ വെച്ചുനടന്ന രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വിജയം ഇന്ത്യയ്ക്കൊപ്പമായി.

രണ്ടാം ഇന്നിങ്സില്‍ 70 റണ്‍സായിരുന്നു ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യം. 15.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അജിങ്ക്യ രഹാനെയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ 35 റണ്‍സും രഹാനെയുടെ 27 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് കരുത്തായി. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ഓസ്ട്രേലിയയെ തളര്‍ത്തുകയായിരുന്നു.

Story highlights: Siraj first India debutant to pick 5 wickets in a Test