കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കായികമത്സരങ്ങള്‍; മാര്‍ഗ്ഗരേഖ പുറത്തിറക്കി
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം മൂലം കായിക-സിനിമാ മേഖലകളടക്കം പല മേഖലകള്‍ക്കും കനത്ത പ്രതിസന്ധി നേരിടേണ്ടി വന്നു. ആ പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ഓരോ മേഖലകളും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കായിക മത്സരങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കായിക മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം സ്റ്റേഡിയത്തില്‍ 50 ശതമാനം ആളുകള്‍ക്കായിരിക്കും പ്രവേശനാനുമതി. മാത്രമല്ല കായികതാരങ്ങള്‍ മത്സരം നടക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ ടി പി സി ആര്‍ ടെസ്റ്റും നടത്തണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. അതുപോലെ കണ്ടെയെന്‍മെന്റ് സോണുകളില്‍ നിന്നു വരുന്നവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് എല്ലാവരേയും തെര്‍മല്‍ പരിശോധനയ്ക്കും വിധേയരാക്കും.
മത്സരങ്ങളോട് അനുബന്ധിച്ച് പ്രത്യേക കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം കൊടുക്കും. കായിക താരത്തിന്റെ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളും താരങ്ങളേയും അവര്‍ക്കൊപ്പമുള്ളവരേയും നിരീക്ഷിക്കേണ്ട ചുമതലയും ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്വമാണ്. സ്‌റ്റേഡിയത്തിനുള്ളില്‍ മാസ്‌കുകളും നിര്‍ബന്ധമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
Story highlights: Sports Ministry Allows Stadiums to be Filled Upto 50%