എസ്എസ്എല്‍സി – ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

December 17, 2020
SSLC Exam 2021 result announced

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായത്.

ജൂണ്‍ മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും മറ്റും നടത്തുന്നതിന് ജനുവരി മുതല്‍ സ്‌കൂള്‍തലത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കും. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ആവശ്യമായ ക്ലാസുകളും ക്രമീകരിക്കും.

മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷപ്പേടിയും മറ്റ് മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ പ്രത്യേക കൗണ്‍സിലിങ്ങും സംഘടിപ്പിക്കും. മാതാപിതാക്കളുടെ അനുവാദത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങിനായി സ്‌കൂളില്‍ പോകാം.

കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ്. ഈ രീതിയില്‍ ക്ലാസുകള്‍ തുടരും. അതേസമയം കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ ഷിഫ്റ്റ് രീതിയിലും ദിവസേനയുള്ള ക്ലാസുകള്‍ ക്രമപ്പെടുത്തും.

Story highlights: SSLC Higher Secondary exams will be conducted from march 17