പലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ലോഹത്തൂൺ; ഉത്തരം കണ്ടെത്തി അധികൃതർ
കഴിഞ്ഞ കുറച്ച് നാളുകളായി ലോഹസ്തംഭങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ ലോഹത്തൂണുകളെക്കുറിച്ചുള്ള ദുരൂഹതകൾ അവസാനിച്ചിരിക്കുകയാണ്. പലയിടങ്ങങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്ത ലോഹത്തൂണുകൾക്ക് പിന്നിൽ കലാകാരന്മാരായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്.
ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഈ തൂണുകളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ധാരാളമായി വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ ഈ കലാകാരന്മാരായിരിക്കാം എന്ന് കണ്ടെത്തിയത്. ഈ ലോഹത്തൂണുകൾക്ക് പിന്നിൽ നിങ്ങളാണോ എന്ന ചോദ്യവും ഈ പേജിൽ വ്യാപകമായി ഉയർന്നിരുന്നു. ഇതോടെ ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നാണ് പേജിൽ വന്ന മറുപടി. അതേസമയം ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ യൂടായിലും റൊമാനിയയിലും കാലിഫോർണിയയിലുമാണ് ഈ ലോഹത്തൂണുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നവംബർ 18 നാണ് ആദ്യമായി അമേരിക്കയിലെ യൂടായിൽ വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത്. പിന്നീട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും ലോഹത്തൂൺ അപ്രത്യക്ഷമാകുകയിരുന്നു. യൂടായിൽ നിന്നും കാണാതായതിന് പിന്നാലെ ഇതിന് സമാനമായ ലോഹത്തൂൺ റൊമാനിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്. നിഗൂഢമായ ലോഹത്തൂണിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് ഇവിടെ നിന്നും ലോഹസ്തംഭം അപ്രത്യക്ഷമായത്. ഇതിന് പിന്നാലെയാണ് കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലായി പുതിയതായി ലോഹത്തൂൺ കണ്ടെത്തിയത്.
സ്റ്റെിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഈ ലോഹത്തൂണിന് 10 അടി നീളവും 18 ഇഞ്ച് വീതിയുമുണ്ട്. എന്നാൽ റൊമാനിയയിൽ പ്രത്യക്ഷപ്പെട്ട ലോഹസ്തംഭത്തിന് 13 മീറ്ററോളം നീളമുണ്ടായിരുന്നു. യൂടായിൽ പ്രത്യക്ഷപ്പെട്ടത് 12 മീറ്റർ നീളമുള്ള തൂണാണ്. വളരെ മിനുസമുള്ള പ്രതലത്തോട് കൂടിയ സ്തംഭത്തിൽ ചിത്രപ്പണികൾ പോലുള്ള വരകളും ദൃശ്യമാകുന്നുണ്ട്.
Story Highlights: the hidden meaning in the mysterious monoliths found out