പ്രിയതമയുടെ ക്രിസ്മസ് സമ്മാനത്തെക്കുറിച്ച് ഹൃദയം നിറയ്ക്കുന്ന വാക്കുകളുമായി ടൊവിനോ
അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ കുടുംബ വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും. ഭാര്യ നല്‍കിയ ക്രിസ്മസ് സമ്മാാനത്തെക്കുറിച്ച് ഹൃദയംതൊടുന്ന വാക്കുകളാണ് താരം കുറിച്ചത്.
ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന ടൊവിനോയ്ക്ക് ഒരു നിക്കോണ്‍ ക്യാമറയാണ് ഭാര്യ ലിഡിയ സമ്മാനമായി നല്‍കിയത്. ‘ഇതിനേക്കാള്‍ മികച്ചൊരു ക്രിസ്മസ് സമ്മാനം വേറെയില്ല. ഭാര്യ സമ്മാനിച്ച ക്രിസ്മസ് സമ്മാനം. അതും വളരെയധികം ചിന്തിച്ച് മികച്ചത് എനിക്ക് തന്നു. മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും ഞങ്ങള്‍ മൂന്നുപേരേയും സ്‌നേഹത്തോടെ പരിപാലിക്കുന്നതിനും പ്രിയപ്പെട്ടവള്‍ക്ക് ഒരുപാട് നന്ദി. എന്റെ കൗതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എപ്പോഴും തിരിച്ചറിയുന്നതിനും നന്ദി. നമ്മള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്‍മിപ്പിക്കാനാണോ ഇത്. ഇത് എന്നെ ഏല്‍പ്പിച്ച ഒരു ജോലിയാണോ അതോ ആഘോഷക്കാലത്ത് സമ്മാനമായി തന്നതാണോ. എന്തായാലും എനിക്കിത് ഒരുപാട് ഇഷ്ടമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചു.
അതേസമയം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കാണെക്കാണെ. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കള എന്ന പേരില്‍ മറ്റൊരു ചിത്രവും ടൊവിനോയുടേതായി ഒരുങ്ങുന്നുണ്ട്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
Story highlights: Tovino shares about Christmas gift