‘2020 വീണ്ടും വീണ്ടും വേദനിപ്പിക്കുകയാണ്’; ഷാനവാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

December 24, 2020
Vinayan pays homage to Shanavas

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് തോന്നും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെയാണ് മരണം കവര്‍ന്നെടുക്കുന്നതും. സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വേര്‍പാടില്‍ നിന്നും മുക്തരായിട്ടില്ല കലാലോകം. നിരവധിപ്പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതും.

2020 വീണ്ടും.. വീണ്ടും വേദനിപ്പിക്കുകയാണ്… സംവിധായകന്‍ ഷാനവാസിന് ആദരാഞ്ജലികള്‍.. എന്നാണ് സംവിധായകനായ വിനയന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഷാനവാസ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ ചിത്രസംയോജന രംഗത്തും ഷാനവാസ് ശ്രദ്ധേയനാണ്. 2015 ല്‍ അദ്ദേഹം കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഏറെനിരൂപക ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് കരി. നിരവധി ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പച്ച കരിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഷാനവാസ് സംവിധാനം നിര്‍വഹിച്ച സൂഫിയും സുജാതയും. ജയസൂര്യ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി. പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ഭംഗിയുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നരണിപ്പുഴ ഷാനവാസ് ആണ്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Vinayan pays homage to Shanavas