ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ്; ചരിത്രംകുറിച്ച് വിരാട് കോലി

December 2, 2020
Virat Kohli sets new India captaincy records

ഏകദിന ക്രിക്കറ്റ് കരിയറില്‍ പുതു ചരിത്രംകുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് പിന്നിടുന്ന താരം എന്ന റെക്കോര്‍ഡാണ് വിരാട് കോലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു താരത്തിന്റെ ഈ നേട്ടം.

തന്റെ 242-ാം ഏകദിന ഇന്നിങ്‌സിലാണ് വിരാട് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. 241 ഇന്നിങ്‌സുകളില്‍ നിന്നുമായി 11,977 റണ്‍സുമായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിന് വീരാട് കോലി എത്തിയത്. മത്സരത്തില്‍ 68 പന്തില്‍ നിന്നുമായി 63 റണ്‍സ് അടിച്ചെടുത്തു താരം. ഇതില്‍ അഞ്ച് ഫോറും ഉള്‍പ്പെടുന്നു.

അതേസമയം കഴിഞ്ഞ ദിവസം ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരുന്നു വിരാട് കോലി. അന്താരാഷ്ട്ര മത്സരങ്ങളില്‍ അതിവേഗം 22,000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 418 മത്സരങ്ങളില്‍ നിന്നുമാണ് വിരാട് കോലിയുടെ ഈ നേട്ടം.

കഴിഞ്ഞ ദിവസം സിട്നിയില്‍ വെച്ചു നടന്ന ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലായിരുന്നു കോലി ഈ നേട്ടം കൈവരിച്ചത്. വ്യക്തിഗത സ്‌കോര്‍ 11-ല്‍ എത്തിയപ്പോഴേയ്ക്കും താരം 22,000 എന്ന റണ്‍സിലെത്തി. മത്സരത്തില്‍ 87 പന്തുകളില്‍ നിന്നുമായി 89 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഇതില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നു.

Story highlights: Virat Kohli becomes the fastest player to-score 12000 odi runs