സകുടുംബം സിയോണ; 180 അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം
കൂട്ടുകുടുംബങ്ങളുടെ കാലങ്ങളൊക്കെ കഴിഞ്ഞ് ഇപ്പോൾ അണുകുടുംബത്തിലാണ് എല്ലാവരും താമസിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം.
ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നത്. മിസോറാം സ്വദേശിയായ സിയോണ ചാനിന്റെ കുടുംബമാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം. മിസോറാമിലെ ഭക്തവാന്ഗ് എന്ന ഗ്രാമത്തിലാണ് ഈ വലിയ കുടുംബം സന്തോഷത്തോടെ കഴിയുന്നത്. നൂറോളം മുറികൾ ഉള്ള ബഹുനില കെട്ടിടത്തിലാണ് 180 അംഗങ്ങളുള്ള ഈ കുടുംബം കഴിയുന്നത്. ഭാര്യമാർക്കായി ഡോർമെറ്ററി സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാൽ കുടുംബനാഥൻ സിയോണയ്ക്കായി ഒരു വലിയ മുറിയും ഇവിടെയുണ്ട്.
സിയോണയുടെ ആദ്യ വിവാഹം 17 ആം വയസിലാണ്. ഇതിനോടകം 39 വിവാഹങ്ങൾ കഴിച്ചു സിയോണ. ആദ്യ ഭാര്യ സത്യന്ഗ്നിയാണ് കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നത്. വളരെ അച്ചടക്കത്തോടെയാണ് ഈ കുടുംബം ഇവിടെ കഴിയുന്നത്. കുടുംബത്തിനാവശ്യമായ കൃഷി ചെയ്യുന്നതും ഇവിടെ തന്നെയാണ്. വീടിന്റെ പിന്നിൽ ഒരുക്കിയിരിക്കുന്ന തോട്ടത്തിൽ പച്ചക്കറികളും മൃഗഫാമുകളുമൊക്കെയുണ്ട്. ഇവിടെയാണ് കുടുംബത്തിന് ആവശ്യമായ കോഴിയേയും പന്നിയേയുമൊക്കെ കൃഷി ചെയ്യുന്നത്.
Read also:ഏഴ് വയസിനിടെ നട്ടത് 13,000 തൈകൾ; ഒരു ലക്ഷം മരങ്ങൾ നടാൻ ഒരുങ്ങി കൊച്ചുമിടുക്കി
പുരുഷന്മാർക്ക് ജോലി ചെയ്യുന്നതിനായി മരപ്പണിശാലയും, കുട്ടികൾക്കുള്ള സ്കൂളും മൈതാനവുമൊക്കെ ഈ കോമ്പൗണ്ടിൽ തന്നെയുണ്ട്. 75 വയസുകാരനായ സിയോണ ബഹുഭാര്യാത്വം അനുവദിക്കുന്ന ‘കാന’ എന്ന സഭയും സ്വന്തമായി രൂപീകരിച്ചിട്ടുണ്ട്.
Story Highlights: world largest family lives in Mizoram