കത്തുകൾ പോസ്റ്റ് ചെയ്യാൻ ഒരു കടൽയാത്ര; വിചിത്രമാണ് കടലിനടിയിലെ ഈ തപാൽപെട്ടി
പോസ്റ്റ് ഓഫീസിൽ പോയി കത്തുകൾ പോസ്റ്റ് ചെയ്തിരുന്നതും, ഇല്ലന്റുകളിൽ എഴുതിയ കത്തുകൾക്കായി കാത്തിരുന്ന കാലവുമൊക്കെ കഴിഞ്ഞു. ഇപ്പോൾ എളുപ്പത്തിൽ സന്ദേശങ്ങൾ കൈമാറാനും ആവശ്യാനുസരണം കണ്ട് സംസാരിക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ മൊബൈൽ ഫോണുകളിൽ എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ തപാൽപെട്ടികളിൽ തന്നെ വളരെ വിരളമായി മാത്രമേ കാണാൻ കഴിയൂ.. എന്നാൽ വളരെ വിചിത്രമായ ഒരു തപാൽപെട്ടിയുണ്ട് അങ്ങ് ജപ്പാനിൽ.
ജപ്പാനിലെ വകായാമ പ്രവിശ്യയിലുള്ള സുസാമി നഗരത്തിലാണ് വ്യത്യസ്തമായ ഈ തപാൽപെട്ടി. ഈ വിചിത്രമായ പോസ്റ്റ് ബോക്സ് തേടി നിരവധി സന്ദർശകരും ഇവിടേക്ക് എത്താറുണ്ട്. ലോകത്തിൽ ഇവിടെ മാത്രമാണ് ഇങ്ങനെയൊരു തപാൽപെട്ടി ഉള്ളത്. കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ തപാൽപെട്ടി ലോകത്തിൽ വെള്ളത്തിനിടിയിൽ ഏറ്റവും ആഴത്തിൽ സ്ഥാപിച്ച തപാൽപെട്ടി എന്ന നിലയിൽ ഗിന്നസ് റെക്കോഡ്സും നേടിയിട്ടുണ്ട്.
കടൽനിരപ്പിൽ നിന്നും 10 മീറ്റർ ആഴത്തിലാണ് ഈ പോസ്റ്റ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ വർഷവും 1500 ഓളം കത്തുകൾ ഈ ബോക്സിൽ നിന്നും സ്വീകരിക്കാറുമുണ്ട്. കടലിനിടയിലെ പോസ്റ്റ് ബോക്സിൽ ഇടാനുള്ള വാട്ടർ പ്രൂഫ് പോസ്റ്റ് കാർഡുകളും ഈ ഗ്രാമത്തിൽ ലഭ്യമാണ്. ഇതിൽ എഴുതാനുള്ള പ്രത്യക പേനകളും ഇവിടെ ഉണ്ട്. അധികൃതരെത്തി ഏതാനും ദിവസത്തിൽ ഒരിക്കൽ ഈ പോസ്റ്റ് ബോക്സിൽ നിന്നും കാർഡുകൾ ശേഖരിച്ച് പ്രാദേശിക പോസ്റ്റോഫീസിലേക്ക് കൊണ്ടുപോകും.
1999 ൽ സ്ഥാപിച്ച് ഈ പോസ്റ്റ് ബോക്സ്, എല്ലാ ആറുമാസങ്ങൾ കൂടുമ്പോഴുവും പുറത്തെടുത്ത് അറ്റകുറ്റപണികൾ നടത്തി വീണ്ടും സ്ഥാപിക്കും. കടലിനിടയിൽ ആയതിനാൽ ഇത് വേഗത്തിൽ തുരുമ്പ് പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.
Story Highlights: World’s deepest underwater postbox