അറിയാം ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിവാഹനിശ്ചയ മോതിരത്തെക്കുറിച്ച്
ഓരോ വിവാഹങ്ങള്‍ക്കും നിറപ്പകിട്ടേകുന്ന ഒന്നാണ് വിവാഹനിശ്ച മോതിരം എന്നത്. പ്രണയത്തിന്റെ ആര്‍ദ്രതയില്‍ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന ഒരു വാഗ്ദാനം കൂടിയാണ് ഓരോ വിവാഹനിശ്ചയ മോതിരങ്ങളും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിവാഹനിശ്ചയ മോതിരമായി ആഭരണപ്രേമികള്‍ ഒരു മോതിരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിഡ്ജുമായ കേറ്റ് മിഡില്‍ടണിന്റെ മോതിരമാണത്.
രണ്ടായിരത്തോളം ആഭരണപ്രേമികള്‍ക്കിടയില്‍ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വേയിലാണ് കേറ്റ് മിഡില്‍ടണിന്റെ മോതിരത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിവാഹനിശ്ചയ മോതിരമായി തെരഞ്ഞെടുത്തത്. നീല സാപ്പിയറും ഡയമണ്ട്‌സും പതിപ്പിച്ചതാണ് ഈ മോതിരം. 12 കാരറ്റുള്ള നീല സാപ്പിയര്‍ കല്ലിന് ചുറ്റുമായി പതിനാല് വജ്രക്കല്ലുകള്‍ പതിപ്പിച്ചിരിക്കുന്നു. വൈറ്റ് ഡോള്‍ഡ് ഉപയോഗിച്ചാണ് മോതിരത്തിന്റെ ബാന്‍ഡ് തയാറാക്കിയിരിക്കുന്നത്. അതേസമയം വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയില്‍ നിന്നും കൈമാറിക്കിട്ടിയതാണ് ഈ മോതിരം.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടാമത്തെ മോതിരം ഹാരി രാജകുമാരന്റെ ഭാര്യയായ മേഗന്‍ മര്‍ക്കലിന്റേതാണ്. ഹാരി രാജകുമാരന്‍ സ്വന്തമായി തന്നെ ഡിസൈന്‍ ചെയ്തതാണ് ഈ വിവാഹനിശ്ചയമോതിരം. അപൂര്‍വ്വ രത്‌നങ്ങളാണ് ഈ മോതിരത്തിലുള്ളത്. മിലി സൈറസ് എന്ന ഗായികയുടെ ഡയമണ്ട് സോളിറ്റയര്‍ റിങ്ങാണ് മൂന്നാം സ്ഥാനത്ത്.
Story highlights: World’s popular engagement ring