മരണം മുന്നില്‍കാണുമ്പോഴും ധീരത കൈവെടിയാത്ത ‘ചങ്കുറപ്പുള്ള ഹീറോസ്’; ഇന്ന് ദേശീയ കരസേന ദിനം

January 15, 2021
15 January Indian Army Day

ഇന്ന്, ജനുവരി 15 രാജ്യം കരസേന ദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്തെ സൈനികരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇന്നേ ദിവസം ആര്‍മി ഡേയായി ആചരിക്കുന്നത്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഓരോരുത്തര്‍ക്കു വേണ്ടി ഓരോ സൈനികരും ചെയ്യുന്ന ത്യാഗങ്ങള്‍. കൊടും ചൂടിലും അതിശൈത്യത്തിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി കയ്- മെയ് മറന്ന് പ്രയ്തനിക്കുന്നു…

സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്നതാണ് ഇന്ത്യന്‍ കരസേനയുടെ ആപ്തവാക്യം. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. പതിനൊന്ന് ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളും പത്ത് ലക്ഷത്തോളം റിസര്‍വ് അംഗങ്ങളും അടങ്ങുന്നു ഇന്ത്യന്‍ കരസേനയില്‍. രാജ്യത്തിന്റെ ഭൂതല സൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് കരസേനയ്ക്കുള്ളത്. ഇന്ത്യയുടെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ പ്രയത്നിക്കുക, അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് ഇന്ത്യന്‍ കരസേനയുടെ പ്രധാന ധര്‍മങ്ങള്‍.

ഇന്ത്യയ്ക്ക് സാതന്ത്ര്യം ലഭിച്ചതിന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയി. ഇതേതുടര്‍ന്ന് 1949-ല്‍ ജനുവരി 15-നാണ് ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ മേധാവിയായി ജനറല്‍ കരിയപ്പ സ്ഥാനമേറ്റത്. ഇതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 15-ന് രാജ്യം കരസേന ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സൈനികര്‍ക്ക് പ്രത്യേകമായി ആദരാഞ്ജലി അര്‍പ്പിക്കാറുണ്ട് ഈ ദിവസം.

ഇന്ത്യന്‍ സൈന്യത്തെ ധീരതയോടെ നയിച്ച വ്യക്തിയാണ് ഇന്ത്യന്‍ ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ. 1947-ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ കാലത്ത് ഇന്ത്യന്‍ കരസേനയെ നയിച്ചതും ഇദ്ദേഹമാണ്. അത്യുന്നത ബഹുമതിയായ ഫീല്‍ഡ് മാര്‍ഷല്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. 1949- ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫായി സ്ഥാനമേറ്റ കരിയപ്പ പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചു.

ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കുന്നു. ഡല്‍ഹിയലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പ്രധാന പരേഡ്. ഏരിയല്‍ സ്റ്റണ്ടുകളും ബൈക്ക് പിരമിഡുകളും ഈ ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിക്കുന്നു. ധീരതയ്ക്കുള്ള അവാര്‍ഡുകളും സേനാ മെഡലുകളും ദേശീയ കരസേന ദിനത്തിലാണ് വിതരണം ചെയ്യുന്നതും.

Story highlights: 15 January Indian Army Day