ആകാശമായവളേ…; ആര്‍ദ്രമായി പെയ്തിറങ്ങി ‘വെള്ളം’ സിനിമയിലെ ഗാനം
കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ സജീവമായിരിയ്ക്കുകയാണ്. ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്ന വെള്ളത്തിലൂടെയാണ് മലയാള സിനിമ തിയേറ്ററുകളിലേയ്ക്ക് മടങ്ങിയെത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രജേഷ് സെന്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു.
ശ്രദ്ധ നേടുകയാണ് വെള്ളം എന്ന സിനിമയിലെ മനോഹരമായൊരു പാട്ട്. ആകാശമായവളേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ബിജിബാല്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ഷഹബാസ് അമന് ആണ് ആലാപനം. നിധീഷ് നദേരിയുടേതാണ് ഗാനത്തിലെ വരികള്‍. ആസ്വാദക മനസ്സുകളിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങുകയാണ് ഈ ഗാനം.
മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്, സ്നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നു.
‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് വെള്ളം പ്രേക്ഷകരിലേക്ക് എത്തുന്നതും.
Story highlights: Akashamayavale Vellam movie song