ഓഗസ്റ്റ് 12ന് ‘ആറാട്ട്’ തിയേറ്ററുകളിലേക്ക്
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക് എത്തും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ആക്ഷനും കോമഡിയും ഒരുപോലെ കോർത്തിണക്കിയാണ് ആറാട്ട് ഒരുക്കുന്നത്.
സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിച്ച ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.
Read More: ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാറിലൂടെ ‘കെ ജി എഫ്’ സംഗീത സംവിധായകൻ മലയാളത്തിലേക്ക്
മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പലരും അകലം പാലിക്കുന്നതിന്റെ ഭാഗമായി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, കൂടുതൽ കരുതലോടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.
Story highlights- arattu movie release date