പിറന്നാള്‍ ദിനത്തിലും പാചകത്തില്‍ തിരക്കിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ കുഞ്ഞുഷെഫ്- വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്‍. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. അതിശയിപ്പിക്കുന്ന പാചക വീഡിയോകളുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞു ഷെഫുണ്ട്. കോബ് എന്ന കുഞ്ഞുവാവ.
പിച്ചവെച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ കുരുന്ന്. എന്നാല്‍ ആള് നല്ലൊരു ഷെഫ് ആണ്. അടുക്കളയില്‍ അമ്മയ്ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്താറുമുണ്ട്. ഈ കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വൈറലായിട്ടുമുണ്ട്.
രണ്ട് വയസ്സു തികഞ്ഞിരിക്കുകയാണ് കോബിന്. എന്നാല്‍ പിറന്നാള്‍ ദിനത്തിലും കുഞ്ഞന്‍ ഷെഫ് അടുക്കളയില്‍ തിരക്കിലാണ്. ചീസ് ചിക്കന്‍ റാപ്പാണ് പിറന്നാള്‍ ദിനത്തില്‍ കോബ് തയാറാക്കിയ സ്പെഷ്യല്‍ വിഭവം. എന്തായാലും ശ്രദ്ധ നേടിയിരിക്കുകയാണ് കോബിന്റെ ബെര്‍ത്ഡേ സ്പെഷ്യല്‍ വീഡിയോയും.
ഇന്‍സ്റ്റഗ്രാമിലെ കോബ് ഈറ്റ്സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. ചോക്ലേറ്റ് കേക്ക്, പിസ, സാലഡ് തുടങ്ങിയവയൊക്കെ കോബി പരീക്ഷിക്കുന്നു. അമ്മയ്ക്കൊപ്പമാണ് ഈ പരീക്ഷണങ്ങള്‍ ഒക്കെയും. ചിലസമയങ്ങളില്‍ അമ്മയുടെ ഒക്കത്തിരുന്നുകൊണ്ടാണ് കുരുന്നിന്റെ പാചക പരീക്ഷണങ്ങള്‍. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുയാണ് ഈ കുഞ്ഞന്‍ ഷെഫ്.
Story highlights: Baby Chef Kobe prepares birthday special dish