സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും
കൊവിഡ് മഹാമാരിയെത്തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് മുതൽ ക്ലാസുകള്‍ ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടക്കുക. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ നടക്കുക. ഒരേസമയം 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും ഇന്ന് മുതൽ ആരംഭിക്കും.
പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായിരുന്നു.
Story Highlights: Colleges reopen from today