ഈ ചിത്രങ്ങള്‍ അച്ഛനും അമ്മയ്ക്കും മകന്‍ നല്‍കിയ സ്‌നേഹസമ്മാനം
നിറചിരിയോടെ അവര്‍ പരസ്പരം കണ്ണുകളിലേയ്ക്ക് നോക്കി. സ്‌നേഹത്തോടെ ചേര്‍ന്നുനിന്നു… ആ മനോഹരനിമിഷമാകട്ടെ ക്യാമറയില്‍ പതിഞ്ഞു… കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന കപ്പിള്‍സ് ഫോട്ടോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വാര്‍ധക്യത്തിന്റെ ചുളിവുകള്‍ ശരീരത്തില്‍ പ്രകടമാകുന്നുണ്ടെങ്കിലും ഈ ദമ്പതികളുടെ മുഖത്ത് വിരിയുന്ന ചിരി എല്ലാ അവശതകളേയും ഇല്ലാതാക്കുന്നു. യൗവ്വനത്തിന്റെ പ്രസരിപ്പുണ്ട് ഇപ്പോഴും ഈ ചിരിയില്‍. അതുതന്നെയാണ് അത്രമേല്‍ ഹൃദ്യമായ ഈ ചിത്രങ്ങളെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാക്കിയതും.
മേക്കപ്പ് ആര്‍ടിസ്റ്റായ ജോയാണ് അച്ഛനേയും അമ്മയേയും ഒരുക്കി ഒരു കപ്പിള്‍ ഫോട്ടേഷൂട്ട് നടത്തിയത്. അതും അവരുടെ 57-ാം വിവാഹവാര്‍ഷകത്തില്‍ ഒരു സര്‍പ്രൈസായി. 78 വയസ്സുകാരനായ കുഞ്ഞൂഞ്ഞ് ചേട്ടനും 74 വയസ്സുകാരിയായ അന്നാമച്ചേട്ടത്തിയും അനേകരുടെ പ്രതീകമായി മാറുകയാണ് ഈ ചിത്രങ്ങളിലൂടെ. ജീവിതപ്രാരാപ്തങ്ങള്‍ക്കിടയില്‍ സ്വന്തം സന്തോഷങ്ങള്‍ ത്യജിക്കേണ്ടി വന്നിട്ടുള്ള അനേകായിരം മാതാപിതാക്കളുടെ പ്രതീകം. എന്നാല്‍ ഇവര്‍ക്കായി മകനൊരുക്കിയ സ്‌നേഹസമ്മാനം ആ മുഖങ്ങളില്‍ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
‘ഞാന്‍ തെരഞ്ഞെടുത്ത പ്രൊഫഷനായ മേക്കപ്പ് ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള ഒരു ആഗ്രഹം ആയിരുന്നു; എന്റെ അച്ഛനേയും അമ്മയേയും മേക്കപ്പ് ചെയ്തു ഫോട്ടോ ഷൂട്ട് ചെയ്യണമെന്നുള്ളത്. അത് എന്തായാലും സാധിച്ചു. അച്ചാച്ചന്റേയും അമ്മയുടെയും വിവാഹ വാര്‍ഷികത്തില്‍ അവര്‍ക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു ഈ ഫോട്ടോഷൂട്ട്’. ചിത്രങ്ങള്‍ക്കൊപ്പം ജോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഞാന്‍ സാധാരണ വെഡ്ഡിംങ് മേക്കപ്പ് വര്‍ക്കിന് പോകുമ്പോള്‍, ബ്രൈഡിന്റെ അച്ഛനും അമ്മയുമൊക്കെ മേക്കപ്പ് ചെയ്യിക്കാറുണ്ട്. അപ്പോഴേ ഞാന്‍ എന്റെ പേരന്റ്‌സിനെ ഒരുക്കുവാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഒരു പരിചയം ഇല്ലാത്തതായിരുന്നു മേക്കപ്പ്. മേക്കപ്പ് ചെയ്തു ഒരുക്കുക എന്നതിലുപരി അവരുടെ ഒന്നിച്ചുള്ള കപ്പിള്‍ ഫോട്ടോസ് എടുക്കുക എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ട് വളരെ സിംപിള്‍ ആയിട്ടാണ് രണ്ടുപേര്‍ക്കും മേക്കപ്പ് ചെയ്തത്.’
‘അമ്മയുടെയും അച്ഛന്റേയും കല്യാണ സമയത്ത് ഉള്ള ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു, (അന്നത്തെ അവരുടെ സാഹചരൃം അതായിരുന്നു), അതുകൊണ്ട് ഞാന്‍ ഒത്തിരി ആഗ്രഹിച്ചതായിരുന്നു ഈ ഷൂട്ട്, ആദൃം രണ്ടുപേര്‍ക്കും കുറച്ചു ചമ്മലും പരിഭ്രമം ഉണ്ടായിരുന്നെങ്കിലും പിന്നീട് നന്നായി ഫോട്ടോഗ്രാഫര്‍ പറഞ്ഞപോലെ പോസ് ചെയ്തു, അതിനാല്‍ ഈ ഫോട്ടോഷൂട്ട് ഭയങ്കര രസമായിരുന്നു, അവര്‍ക്ക് ഒരു പുതിയ അനുഭവും’ . ഇന്‍സ്റ്റഗ്രാമില്‍ ജോ കുറിച്ചു മനോഹരമായ ആ ചിത്രങ്ങള്‍ക്കൊപ്പം.
Story highlights: Couple Photoshoot by makeup artist Joe