ആശുപത്രിക്കിടക്കയിൽവെച്ച് വിവാഹം, ശേഷം വെന്റിലേറ്ററിലേക്ക്; കൊവിഡ് വാർഡിലെ അതിജീവനത്തിന്റെ കഥ
കൊറോണക്കാലത്തെ കണ്ണുനീരിന്റെ കഥകൾ ഇതിനോടകം ഒരുപാട് കേട്ടുകഴിഞ്ഞു… കൊറോണയെ അതിജീവിച്ച നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും കഥകളും നാം കേട്ടു. അത്തരത്തിൽ പുത്തൻ പ്രതീക്ഷയുടെ മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ബ്രിട്ടൻ സ്വദേശികളായ എലിസബത്ത് കെർ, സൈമൺ ഒബ്രിയൻ എന്നിവരാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ചിത്രങ്ങളിലെ താരങ്ങൾ.
വർഷങ്ങളായി പ്രണയത്തിലായിരുന്നു എലിസബത്ത് കെറും സൈമൺ ഒബ്രിയനും. കഴിഞ്ഞ ജൂണിൽ ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ കൊറോണ വൈറസിനെത്തുടർന്ന് വിവാഹം നിശ്ചയിച്ച ദിവസം നടന്നില്ല. ഇതിനിടെ എലിസബത്തിനും സൈമണും കൊവിഡ് പോസിറ്റിവും സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച ശേഷവും ഇരുവരും വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ പെട്ടന്നായിരുന്നു ഇരുവരുടെയും സ്ഥിതി ഗുരുതരമായത്. ഇതോടെ ബന്ധുക്കൾ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഒരുമിച്ച് ഒരേ വാഹനത്തിലാണ് ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചത്. കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം എലിസബത്തിന്റെ നിലയിൽ പുരോഗതി ഉണ്ടായെങ്കിലും സൈമണിന്റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.
Read also:എയർകണ്ടീഷൻ ആവശ്യമില്ല; അത്ഭുതമായി ഥാർ മരുഭൂമിയ്ക്ക് നടുവിൽ ഒരുങ്ങിയ വിദ്യാലയം
തീവ്രപരിചരണ വിഭാഗത്തിലുള്ള സൈമണിന്റെ സ്ഥിതി പെട്ടന്ന് വീണ്ടും ഗുരുതരമായതോടെ എലിസബത്തും ബന്ധുക്കളും വലിയ ആശങ്കയിലായി. സൈമണെ എന്നന്നേക്കുമായി നഷ്ടമായേക്കുമെന്ന ഭയവും എല്ലാവരിലും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വിവാഹം ആശുപത്രിക്കിടയിൽവെച്ച് തന്നെ നടത്തിയാലോ എന്ന ചിന്ത വന്നത്. ഉടൻതന്നെ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ബന്ധുക്കളും ആശുപത്രി അധികൃതരും ചേർന്നൊരുക്കി. അങ്ങനെ പാതി അബോധവസ്ഥയിൽ കിടന്നുകൊണ്ടുതന്നെ സൈമൺ എലിസബത്തിനെ വിവാഹം കഴിച്ചു.
വിവാഹച്ചടങ്ങുകൾക്ക് ശേഷം സൈമണെ വെന്റിലേറ്ററിലേക്കും മാറ്റി. എന്നാൽ ഇപ്പോൾ സൈമണിന്റെ സ്ഥിതി മെച്ചപ്പെട്ടു. വെന്റിലേറ്ററിൽ നിന്നും മോചിതനായ അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ പരിചരണത്തിലാണ്.
Story Highlights:couples marriage in covid ward