ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം- മികച്ച നടി പാർവതി, നടൻ സുരാജ് വെഞ്ഞാറമൂട്; വെർസറ്റൈൽ ആക്ടറായി മോഹൻലാൽ

January 3, 2021

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തെന്നിന്ത്യൻ സിനിമകളുടെ പുരസ്‌കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന പുരസ്കാരമാണ് ഇത്.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിലൂടെ പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25ലെ പ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച വെർസറ്റൈൽ ആക്ടറായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണൻ മികച്ച സംവിധായകനായി. മികച്ച സംഗീത സംവിധായകൻ ദീപക് ദേവാണ്.

തമിഴിലെ മികച്ച ചിത്രം ടു ലെറ്റ് ആണ്. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സം​ഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ. ജേഴ്സിയാണ് തെലുങ്കിലെ മികച്ച ചിത്രം. നടൻ നവീൻ പോളിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ ആത്രേയ), നടി രശ്മിക മന്ദാന (ഡിയർ കോമ്രേഡ്), സംവിധായകൻ സുജീത്ത് (സാഹോ), സം​ഗീത സംവിധാനം തമൻ, വേർസറ്റൈൽ ആക്ടർ നാ​ഗാർജുന അക്കിനേനി. കന്നഡയിലെ മികച്ച നടൻ രക്ഷിത് ഷെട്ടിയാണ്.

Story highlights- dadasaheb phalke awards