കരുത്തുറ്റ മുടിയിഴകൾക്ക് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

January 25, 2021
hair

മുടികൊഴിച്ചില്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പോഷകക്കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാൽ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം. ചീര, മുട്ട, നട്ട്‌സ്, സീഡ്‌സ്, സോയാബീന്‍സ്, ബദാം എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സഹായിക്കും. മത്സ്യവും കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ തലമുടി പൊഴിയുന്നത് കുറയ്ക്കാന്‍ സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയിരിക്കുന്ന മത്തിയടക്കമുള്ള ചെറുമത്സ്യങ്ങള്‍ ആണ് കുടുതല്‍ ഉത്തമം. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി-5 എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ഷാംപു, കണ്ടീഷ്ണർ എന്നിവയെല്ലാം നാം സ്ഥിരമായി ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ ഡോക്ടറുടെ നിർദ്ദേശത്തോടെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപു ഉപയോഗിക്കുക. എന്നാൽ നാച്ചുറൽ ആയിട്ടുള്ള ഷാംപൂവാണ് മുടിയ്ക്ക് കൂടുതൽ നല്ലത്.

Read also: തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം

മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന ഒരു നാച്ചുറൽ ഷാംപൂവാണ് ചെമ്പരത്തി. ചെമ്പരത്തികൊണ്ടുള്ള താളി തയാറാക്കി തലയിൽ തേയ്ക്കുന്നത് തലമുടി കരുത്തോടെ വളരാൻ സഹായിക്കും. കഞ്ഞിവെള്ളം മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും. നെല്ലിക്ക, ഉലുവ, കറ്റാര്‍വാഴ, ആര്യവേപ്പില തുടങ്ങിയവകൊണ്ടെല്ലാം മാസ്ക് ഉണ്ടാക്കി തലയിൽ പുരട്ടാം.

ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാം. നാച്ചുറലായി മുടി ഉണക്കാൻ ശ്രമിക്കുക. സോപ്പ് പോലുള്ള വസ്തുക്കൾ തലമുടിയിൽ ഉപയോഗിക്കരുത്.

Story Highlights: Easy Hair protection methods