ആക്ഷന്‍ രംഗങ്ങളുടെ മികവില്‍ ‘ഈശ്വരന്’ ട്രെയ്ലര്; ചിത്രം 14 മുതല്‍ തിയേറ്ററുകളില്‍

തമിഴ്ചലച്ചിത്രലോകം വിജയ്-യുടെ മാസ്റ്ററിനൊപ്പംതന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന ഈശ്വരന്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഈ മാസം പതിനാലിന് പൊങ്കല്‍ റിലീസായി ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിലെത്തും. മാസ് സ്വഭാവമുള്ള ചിത്രമാണ് ഈശ്വരന്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരിവയ്ക്കുന്നു.
‘ഈശ്വരന്’ എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി ഇരുപത് കിലോയോളം ഭാരമാണ് താരം കുറച്ചത്. സുശീന്ദ്രന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഈശ്വരനി’ല്‍ ചിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗര്‍വാളാണ്. ഭാരതിരാജ, ബാല ശരവണന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രവും ചിമ്പുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിമ്പുവിന്റെ നായികയായി ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
Read more: സാരി ധരിച്ച് ജിംനാസ്റ്റിക് താരത്തിന്റെ ഗംഭീര പ്രകടനം: വീഡിയോ വൈറല്‍
അതേസമയം കൊവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സിനിമ മേഖലയും. മാസങ്ങളോളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മികച്ച ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. അമ്പത് ശതമാനം ആളുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശനം അനുവദിക്കുക.
Story highlights: Eeswaran Official Trailer