എമ്പുരാന് തുടക്കമിടാനൊരുങ്ങി മോഹൻലാലും പൃഥ്വിരാജും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ രണ്ടു വർഷം പിന്നിടുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാൻ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ് എന്ന് പൃഥ്വിരാജ് അടുത്തിടെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജിനൊപ്പമുള്ള മോഹൻലാലിൻറെ ചിത്രം ലൂസിഫറിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെ എമ്പുരാൻ ഉടൻ ആരംഭിക്കുമെന്ന സൂചനയാണ് നൽകുന്നത്.
2021ലാണ് എമ്പുരാൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധികൾ അകന്നതോടെ ഉടൻ തന്നെ പൃഥ്വിരാജ്-മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് എമ്പുരാനായി കൈകോർക്കുമെന്ന് ചിത്രം സൂചിപ്പിക്കുന്നു. അതേസമയം, 2021 ൽ ‘എമ്പുരാൻ’ ഷൂട്ടിങ് ആരംഭിക്കുമെന്ന് മുരളി ഗോപി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയായതിന് ശേഷമേ എമ്പുരാൻ തുടക്കമിടു എന്നും മുരളി ഗോപി പങ്കുവെച്ചിരുന്നു. അതേസമയം, തിരക്കഥ പൂർത്തിയാക്കി തീർപ്പ് എന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ എമ്പുരാൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന.
Read More: ആദ്യഗാനം മുതൽ ആസ്വാദക ഹൃദയം കവർന്ന കലാകാരൻ; പിറന്നാൾ നിറവിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ
ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ തിരക്കിലേക്കും മോഹൻലാൽ ഈ വർഷം ചേക്കേറും. കൊവിഡ് പ്രതിസന്ധിയാണ് ബറോസിനും വെല്ലുവിളിയായത്. അതേസമയം, മലയാള സിനിമയിൽ 200 കോടി ക്ലബിൽ ഇടം നേടിയ ആദ്യ ചിത്രമാണ് ‘ലൂസിഫർ’. ‘ലൂസിഫറി’ന്റെ ഗംഭീര വിജയമാണ് പൃഥ്വിരാജ്- മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ ‘എമ്പുരാനി’ലൂടെ തീരുമാനിച്ചത്.
Story highlights- empuran movie stills