ജയസൂര്യയുടെ ചിത്രങ്ങൾ വരച്ച് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫൈസൽ
കലാമികവുകൊണ്ട് സോഷ്യൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച കലാകാരനാണ് ഫൈസൽ. സമൂഹമാധ്യമങ്ങളെ മുഴുവൻ അത്ഭുതപ്പെടുത്തിയ കലാകാരനെത്തേടി നിരവധി നേട്ടങ്ങളാണ് ഇപ്പോൾ എത്തുന്നത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടിയിരിക്കുകയാണ് ഫൈസൽ. നടൻ ജയസൂര്യയുടെ ആറു രേഖാചിത്രങ്ങൾ വരച്ചുകൊണ്ടാണ് ഫൈസൽ ഈ വലിയ നേട്ടങ്ങൾക്ക് അർഹനായിരിക്കുന്നത്. ഇപ്പോഴിതാ ഫൈസലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രതാരം ജയസൂര്യ ഉൾപ്പെടെ നിരവധിപ്പേർ.
ശീർഷാസനത്തിൽ നിന്നുകൊണ്ടാണ് ഫൈസൽ വളരെ മനോഹരമായി ജയസൂര്യ അവതരിപ്പിച്ച ആറു വ്യത്യസ്ത കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഒരുക്കിയത്. രണ്ടു കൈകളും ഉപയോഗിച്ച് ഒന്നര മണിക്കൂർ സമയം കൊണ്ടാണ് ഫൈസൽ ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഫൈസൽ ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് ഇത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും അയച്ചുനൽകി. നവംബറിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും സർട്ടിഫിക്കറ്റുകളും ഫൈസലിന് ലഭിച്ചു.
നിരവധിപ്പേരാണ് ഈ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം നേരത്തെ 100 ഇന്ത്യൻ താരങ്ങളെ ഒരേ സമയം രണ്ടു കൈകൾകൊണ്ട് വരച്ച് മറ്റൊരു റെക്കോർഡ് ഫൈസൽ നേടിയിരുന്നു.
Story Highlights:faisal wins india books of records for portraying jayasuryas characters