തൊട്ടാൽ പൊള്ളും; ഇതാണ് ഫ്രൈയിങ് പാൻ തടാകം
നദിയിലും പുഴയിലുമൊക്കെ ഒന്ന് മുങ്ങിക്കുളിച്ചാൽ കിട്ടുന്ന സുഖം ചെറുതൊന്നുമല്ല. അതുകൊണ്ടുതന്നെ മനോഹരമായ ജലാശയങ്ങൾ കണ്ടാൽ ഒന്ന് മുങ്ങിപൊങ്ങാൻ തോന്നാറുമുണ്ട്. എന്നാൽ അങ്ങനെയൊന്നും ഇറങ്ങാൻ കഴിയാത്ത ഒരു ജലാശയം ഉണ്ട് ന്യൂസിലൻഡിലെ വൈമാൻഗു താഴ്വരയിൽ. ഈ ജലാശയത്തിൽ എങ്ങാനും ഇറങ്ങിയാൽ നല്ല ഫ്രൈയാകും. 50- 60 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ താപനില.
ഫ്രൈയിങ് പാൻ തടാകം എന്നാണ് ഈ തടാകത്തിന്റെ പേര്. ലോകത്തിലെതന്നെ ഏറ്റവും ചൂടുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ജലമാണ് ഈ തടാകത്തിലേത്. ഒരു വലിയ അഗ്നിപർവ്വത സ്ഫോടത്തിന്റെ ഫലമായുണ്ടായതാണ് ഈ തടാകം. താരാവേര അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയോടെ ഈ താഴ്വരയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറി. പൊട്ടിത്തെറിയ്ക്ക് ശേഷം ഇവിടെ നിരവധി ചൂടുനീരുറവകൾ പ്രത്യക്ഷപ്പെട്ടു. ഇക്കൂട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉഷ്ണജല പ്രവാഹമാണ് ഈ തടാകം.
Read also:വളരാനും സഞ്ചരിക്കാനും കഴിവുള്ള പാറക്കല്ലുകൾ; രഹസ്യം കണ്ടെത്തി ഗവേഷകർ
1917 ൽ വീണ്ടും ഒരു വലിയ പൊട്ടിത്തെറി ഉണ്ടായതിന്റെ ഫലമായാണ് ഈ തടാകത്തിന് ഇപ്പോൾ കാണുന്ന രൂപം ലഭിച്ചത്. ഏകദേശം 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് ഈ തടാകത്തിന്. 18 മുതൽ 60 അടി വരെ താഴ്ചയുമുണ്ട് ഈ തടാകത്തിന്. എപ്പോഴും ഈ തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും പുക ഉയരാറുണ്ട്. കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ് ഈ തടാകത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത്. തടാകത്തിന് ചുറ്റിലും സിലിക്ക ഘടനകളും ധാതു നിക്ഷേപങ്ങളുടെ വർണ്ണാഭമായ പ്രതലങ്ങളും കാണാം.
Story Highlights: Frying Pan Lake is World’s Largest Hot Spring