അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്ട്ര ബാൽ പുരസ്കാരം
ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ ഇടംനേടിയ പെൺകുട്ടിയാണ് ജ്യോതി കുമാരി എന്ന 15 കാരി. ലോക്ക് ഡൗണിൽ ഹരിയാനയിൽ കുടുങ്ങിപ്പോയ രോഗിയായ അച്ഛനെ വീട്ടിൽ എത്തിക്കാനായി 1200 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയാണ് ജ്യോതി കുമാരി മാധ്യമശ്രദ്ധ നേടിയത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധിപ്പേരാണ് ഈ കൊച്ചുപെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്.
ഇപ്പോഴിതാ പ്രധാന മന്ത്രിയുടെ രാഷ്ട്ര ബാൽ പുരസ്കാരമാണ് ഈ പെൺകുട്ടിയെ തേടിയെത്തിയിരിക്കുന്നത്. പുരസ്കാരം നേടിയതിന് പിന്നാലെ പ്രധാന മന്ത്രി ഉൾപ്പെടെ നിരവധിപ്പേർ ഈ പെൺകുട്ടിയ്ക്ക് അഭിനന്ദനവുമായി എത്തി. ‘ബാൽ പുരസ്കാരം നേടിയ ബീഹാർ സ്വദേശി ജ്യോതി കുമാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആ പ്രായത്തിലുള്ള ഏതൊരു പെൺകുട്ടിയെയും പോലെ തന്നെയാണ് ജ്യോതി കുമാരിയും, എങ്കിലും രോഗിയായ അച്ഛനെയും പുറകിൽ ഇരുത്തി ഇത്രയധികം ദൂരം സൈക്കിൾ ചവിട്ടിയ ഈ മിടുക്കിയുടെ ധൈര്യവും ശക്തിയും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
दरभंगा, बिहार की 16 साल की ज्योति कुमारी को प्रधानमंत्री राष्ट्रीय बाल पुरस्कार मिलने पर बहुत बधाई और उज्ज्वल भविष्य के लिए शुभकामनाएं। pic.twitter.com/aRXJp1vgLU
— Narendra Modi (@narendramodi) January 25, 2021
വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് ജ്യോതി കുമാരി ജനിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു ജ്യോതിയുടെ പിതാവ്. എന്നാൽ പരിക്കേറ്റതിനെത്തുടർന്ന് ജോലി ചെയ്യാൻ കഴിയാതിരുന്ന ജ്യോതിയുടെ അച്ഛനെയും കൊണ്ട് സൈക്കിളിൽ ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്നും ബീഹാറിലെ ദർബംഗയിലുള്ള വീട്ടിൽ എത്തിയത്.
Story Highlights; girl carried father 1200 km on cycle gets bravery award