അതേ അദ്ദേഹം മരണപ്പെട്ടത് സ്വന്തം താടികൊണ്ടാണ്…
തലവാചകം വായിക്കുമ്പോള്‍ ചിലരെങ്കിലും അല്പം ആശ്ചര്യപ്പെട്ടേക്കാം. കാരണം താടി എന്നത് ചിലര്‍ക്ക് അലങ്കാരവും മറ്റ് ചിലര്‍ക്ക് അല്പം അഹങ്കാരവുമൊക്കെയാണ്. എന്നാല്‍ സ്വന്തം താടി കൊണ്ട് മരണപ്പെട്ട ഒരാളുണ്ടാകുമോ. ഉണ്ടെന്നു പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാന്‍സ് സ്റ്റെയിനിഞ്ചര് എന്നയാള്‍ മരണപ്പെട്ടത് സ്വന്തം താടികൊണ്ടാണ്.
ഏറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ താടിക്കഥയ്ക്ക്. 1567 കാലഘട്ടത്തില്‍ ഓസ്ട്രേലിയയിലെ ബ്രോണൗ ആം ഇന്‍ എന്ന ചെറുപട്ടണത്തിലെ മേയറായിരുന്നു ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍. ബ്രോണൗ ആം ഇന്‍ എന്ന പട്ടണം ചിലര്‍ക്കെങ്കിലും പരിചിതമാണ്. കാരണം അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മ സ്ഥലം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
എന്തായാലും ബ്രോണൗ ആം ഇന്‍- ലെ മേയറായിരുന്ന ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടനായിരുന്നു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പല കാര്യങ്ങളും മേയര്‍ എന്ന നിലയില്‍ അദ്ദേഹം നടപ്പിലാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഉപരിയായി ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ താടി കൊണ്ടാണ്.
നാലരയടിയിലേറെ നീളമുണ്ടായിരുന്നു ആ താടിക്ക്. എപ്പോഴും ചീകിയൊഴുക്കിയാണ് അദ്ദേഹം താടിയെ സംരക്ഷിച്ചത്. മാത്രമല്ല മിക്കപ്പോഴും താടി ചുരുട്ടി സ്വന്തം പോക്കറ്റിലും വയ്ക്കും. എന്നാല്‍ പോക്കറ്റില്‍ കിടന്ന ആ താടി അദ്ദേഹത്തിന്റെ മരണത്തിന് തന്നെ കാരണമായി.
ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍ മേയറായിരിക്കെയാണ് പട്ടണത്തില്‍ ഒരു തീപിടുത്തമുണ്ടായത്. വളരെ നല്ല മനുഷ്യനായിരുന്ന അദ്ദേഹം തീയണയ്ക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം പരിശ്രമിച്ചു. ഓടിനടന്ന് തീയണയ്ക്കുന്നതിനിടെ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും താടി കെട്ടഴിഞ്ഞുവീണു. തിരക്കുമൂലം വീണ്ടും താടി പോക്കറ്റിലാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
എന്നാല്‍ ഒരു ഗോവണിപ്പടിയില്‍ നില്ക്കുമ്പോള് തിരക്കില്‍പ്പെട്ട് അദ്ദേഹം തന്റെ താടിയില്‍ ചവിട്ടി. ബാലന്‍സ് നഷ്ടപ്പെട്ട ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍ ഗോവണിപ്പടിയില്‍ നിന്നും താഴേയ്ക്ക് വീഴുകയും ചെയ്തു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
സ്വന്തം താടികൊണ്ട് മരണപ്പെട്ടയാള്‍ എന്ന് പിന്നീട് ഹാന്‍സ് സ്റ്റെയ്നിഞ്ചര്‍ അറിയപ്പെട്ടുതുടങ്ങി. അദ്ദേഹത്തിന്റെ മരണത്തില്‍ പട്ടണത്തിലുണ്ടായിരുന്നവര്‍ ഏറെ ദുഃഖിതരായിരുന്നു. കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ട മേയറെയാണ്. ഹാന്‍സ് സ്റ്റെയ്നിഞ്ചറിനോടുള്ള ബഹുമാനാര്‍ത്ഥം പട്ടണത്തിലെ സെന്റ് സ്റ്റീഫന്‍ പള്ളിയോട് ചേര്‍ന്ന് അദ്ദേഹത്തിന്റെ ശിലാസ്മാരകം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ താടിയാകട്ടെ ചരിത്ര മ്യൂസിയത്തിലും സൂക്ഷിച്ചു.
Story highlights: Hans Staininger long beard story