വേണ്ടിവന്നാല്‍ ചെടിച്ചട്ടിയും വെള്ളം തേടി നടക്കും
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് പഴമക്കാര്‍ പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ നടുവെ അല്ല ഒരു മുഴം മുന്നേയാണ് ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച. അടുക്കളയിലും അരങ്ങത്തുമെല്ലാം സാങ്കേതിക വിദ്യയുടെ പുത്തന്‍ കണ്ടെത്തലുകള്‍ ഇടം നേടിക്കഴിഞ്ഞു. അത്തരത്തിലൊന്നാണ് ഹെക്സ പ്ലാന്റും.
തലവാചകത്തില്‍ കുറിച്ചിരിക്കുന്നത് പോലെ വെള്ളം തേടി നടക്കുന്ന ചെടിച്ചട്ടിയാണ് ഇത്. രാവിലെ ചെടിക്ക് വെള്ളമൊഴിക്കാന്‍ മറന്നുപോയാല്‍ ചെടിച്ചട്ടി നടന്നു വരും. കുറച്ച് വെള്ളമൊഴിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. കേള്‍ക്കുമ്പോള്‍ അല്പം അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്.
ഹെക്സ പ്ലാന്റ് എന്നത് ഒരു ഡിജിറ്റല്‍ ചെടിച്ചട്ടിയാണ്. ആറ് കാലുകളുള്ള ഒരു റോബോട്ട് ആണ് ഹെക്സ എന്ന ചെടിച്ചട്ടി. ലൈറ്റ്, ഹീറ്റ് സെന്‍സറുകളും ചെടിച്ചട്ടിക്കുള്ളില്‍ ക്രമീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ചെടിക്ക് താങ്ങാവുന്നതിലും അധികം വെയില് വന്നാല്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് ചെടിയുമായി ഹെക്സ നടന്നു നീങ്ങുന്നു. മാത്രമല്ല വെയില് ആവശ്യമായി വരുമ്പോള്‍ വെയിലുള്ള ഇടത്തേയ്ക്കും സഞ്ചരിക്കുന്നു.
വെള്ളമൊഴിക്കാന്‍ സമയമാകുമ്പോള്‍ ഹെക്സ കൃത്യമായി സൂചനകല്‍ നല്‍കും. മനുഷ്യര്‍ നല്കുന്ന സിഗ്നലുകള്‍ക്ക് അനുസരിച്ച് പ്രതികരിക്കാനുള്ള ശേഷിയുമുണ്ട് ഹെക്സയ്ക്ക്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്ക്രോസ് കമ്പനിയുടെ സ്ഥാപകനായ സുന് ടിയാന്ഡഷിയാണ് ഈ ചെടിച്ചട്ടിയുടെ നിര്‍മാതാവ്.
നിലവില്‍ പ്രധാനമായും ഇന്‍ഡോര്‍ പ്ലാന്റുകള്ക്കുവേണ്ടിയാണ് ഹെക്സ പ്ലാന്റ് എന്ന ചെടിച്ചട്ടി രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1.15 ലക്ഷം രൂപയാണ് ഹെക്സ റോബോട്ടിന്റെ വില. സാങ്കേതിക വിദ്യയേയും പ്രകൃതിയേയും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് ഹെക്സ പ്ലാന്റിലൂടെ.
Story highlights: Hexa robot takes care of the plant on its head