കാളക്കൂറ്റനൊപ്പം കൊമ്പുകോർത്ത് കമൽഹാസൻ; വർഷങ്ങൾക്ക് ശേഷം ചർച്ചയായി വിരുമാണ്ടി, ശ്രദ്ധനേടി മേക്കിങ് വീഡിയോ
2004 ജനുവരി 14 ന് റിലീസ് ചെയ്ത ചിത്രമാണ് കമൽഹാസൻ സംവിധാനം ചെയ്തത് അഭിനയിച്ച വിരുമാണ്ടി. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. കമൽഹാസന്റെ അഭിനയമികവുകൊണ്ട് തമിഴ് സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു വിരുമാണ്ടി. ഇപ്പോഴിതാ ചിത്രം പിറന്ന് 17 വർഷങ്ങൾ കഴിയുമ്പോൾ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ റിലീസിനൊരുങ്ങുകയാണ് ചിത്രം.
ജെല്ലിക്കെട്ട് പ്രമേയത്തിൽ എത്തിയ വിരുമാണ്ടിയിൽ ഒട്ടേറെ കാളപ്പോര് രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നും സിനിമാപ്രേമികൾക്ക് ചിത്രത്തിലെ കാളകളും കാളപ്പോരു രംഗങ്ങളും യാഥാർത്ഥമാണോ എന്ന് വ്യക്തതയില്ല. ആനിമേഷനും ഡമ്മിയും വി എഫ് എക്‌സും ഒന്നുമല്ല, യഥാർത്ഥ കാളകളെ തന്നെയാണ് വിരുമാണ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചെന്നൈയിൽ തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലം സെറ്റിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൂടാതെ, മധുരയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള യഥാർത്ഥ കാളകളെ ചെന്നൈയിലേക്ക് എത്തിച്ചാണ് ചിത്രീകരണം നടത്തുന്നത്. അതേസമയം ഏറെ വിവാദങ്ങൾക്കും ചിത്രം വഴിതെളിച്ചിരുന്നു.
രണ്ടു ജയിൽ തടവുപുള്ളികളുടെ കഥയാണ് ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പങ്കുവെച്ചത്. പശുപതിയാണ് കമൽ ഹാസനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് . കമൽ ഹാസന് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ചിത്രം കൂടിയാണ് വിരുമാണ്ടി. കാരണം, കാളപ്പോരിനായി കമൽ ഹാസൻ സ്വീകരിച്ച സാഹസികത ഒട്ടേറെ നിരൂപക പ്രശംസ നേടിയിരുന്നു.
Story Highlights: Kamal Haasan Virumaandi Making Video