കൊവിഡ് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ പ്രദര്‍ശനത്തിനൊരുങ്ങി മലയാള ചിത്രങ്ങള്‍

January 15, 2021
Latest Malayalam Movie Releases

മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 മഹാമാരി കേരളത്തെ അലട്ടിതുടങ്ങിയിട്ട്. വിവിധ മേഖലകളില്‍ കൊവിഡ് രോഗം തീര്‍ത്ത പ്രതിസന്ധിയും ചെറുതല്ല. പ്രതിസന്ധികള്‍ക്കൊടുവില്‍ സജീവമായി തുടങ്ങിയിരിയ്ക്കുകയാണ് കേരളത്തിലെ തിയേറ്ററുകളും. വിജയ് കേന്ദ്ര കഥപാത്രമായെത്തിയ മാസ്റ്റര്‍ ആണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ചിത്രം. തിയേറ്ററുകള്‍ വീണ്ടും ജീവമാകുമ്പോള്‍ ഈ മാസം പ്രദര്‍ശനത്തിനൊരുങ്ങുകയാണ് നിരവധി മലയാള ചിത്രങ്ങളും.

വെള്ളം

നാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം വെള്ളം ആണ്. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജനുവരി 22 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വെള്ളത്തിന്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

വാങ്ക്

ഈ മാസം തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രമാണ് വാങ്ക്. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് എന്ന ചിത്രം ഈ മാസം 29 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരിയ്ക്കുന്ന ചിത്രംകൂടിയാണ് വാങ്ക്. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. അനശ്വര രാജന് പുറമെ നന്ദന വര്‍മ്മ, ഗേപിക, വിനീത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സെവന്‍ ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ലവ്

ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വഹിക്കുന്ന ലവ് എന്ന ചിത്രം ഈ മാസം 29 മുതല്‍ തിയേറ്ററുകളിലെത്തുന്നു. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: Latest Malayalam Movie Releases