‘എന്നെങ്കിലും ഒരിക്കൽ ഈ ഉപകാരം നിനക്ക് തിരിച്ച് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു’- ദുൽഖറിന് നന്ദി പറഞ്ഞ് മാധവൻ

January 6, 2021

മാധവൻ നായകനായി അഭിനയിച്ച ‘മാരാ’ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ജനുവരി 8ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ചാർലിയുടെ തമിഴ് റീമേക്കാണ് ‘മാരാ’. ചിത്രത്തിൽ ദുൽഖറിന്റെ ശബ്ദവും ഉൾപ്പെടുത്തിയിട്ടുണ്ട്. മാരാ എന്ന ചിത്രത്തിനായി ശബ്ദം നൽകിയതിന് ദുൽഖർ സല്മാന് നന്ദി അറിയിക്കുകയാണ് മാധവൻ.

‘മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ. എന്നെങ്കിലും ഒരിക്കൽ ഈ ഉപകാരം നിനക്ക് തിരിച്ച് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. നന്ദി ദുൽഖർ’- മാധവൻ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. മാരാ സംവിധാനം ചെയ്യുന്നത് ദിലീപ് ആണ്. ശ്രദ്ധ ശ്രീനാഥ് പാർവതി അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നു. വിക്രം വേദ എന്ന ഹിറ്റ് ചിത്രത്തിലും മാധവനും ശ്രദ്ധയും ഒരുമിച്ച് എത്തിയിരുന്നു. ശിവദ, മൗലി, അലക്സാണ്ടർ ബാബു, മിനോൺ എന്നിവരും മാരായിൽ വേഷമിടുന്നു.

സംവിധായകനെന്ന നിലയിൽ ദിലീപിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് മാരാ. ഭുവൻ ശ്രീനിവാസനാണ് ക്യാമറ. ജിബ്രാൻ സംഗീതം ഒരുക്കുന്നു. ചിത്രം മുൻപ് തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നിർമ്മാതാക്കൾ ഡിജിറ്റൽ റിലീസ് തിരഞ്ഞെടുത്തു.

Read More:ആയിരത്തിലധികം വർഷങ്ങൾ മണ്ണിനടിയിൽ കിടന്നിട്ടും കേടുപാടുകളില്ലാതെ ആയുധങ്ങൾ- അമ്പരപ്പിച്ച് ചൈനീസ് മണ്ണിന്റെ പ്രത്യേകത

മാധവൻ നായകനായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നിശബ്ദം. അനുഷ്ക ഷെട്ടി നായികയായ ചിത്രവും ആമസോൺ പ്രൈം റിലീസായിരുന്നു. അതേസമയം, റിലീസിനൊരുങ്ങുന്ന മാധവന്റെ മറ്റൊരു ചിത്രമാണ്, ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ചിത്രം തിയേറ്റർ റിലീസാണ് ലക്ഷ്യമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ സിമ്രാനാണ് നായിക.

Story highlights- Madhavan thanks Dulquer Salmaan for voiceover in ‘Maara’ trailer