സഞ്ചാരികളെ ഇതിലേ ഇതിലേ..; യാത്രക്കാരെ ആകർഷിച്ച് വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടൊരുക്കിയ പാലം
വെള്ളം കൊണ്ട് പാലമോ.. തലവാചകം വായിക്കുമ്പോൾ തന്നെ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടുതന്നെ നിർമ്മിച്ച പാലമാണ് ജർമനിയിലെ വാട്ടർ ബ്രിഡ്ജ്. ജർമനിയിലെ മാഗ്ഡെബർഗ് എന്ന നഗരത്തിലാണ് ഈ അത്ഭുതകഴ്ചകൾ സമ്മാനിക്കുന്ന പാലം സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ പല കണ്ടുപിടുത്തങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് കൗതുകകാഴ്ചകൾ സമ്മാനിക്കുന്ന ഈ പാലവും.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി മനോഹരങ്ങളായ നിരവധി കാഴ്ചകളാണ് ഈ നഗരം കാത്തുവെച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രത്യേകത നിറഞ്ഞത് ഈ വാട്ടർ ബ്രിഡ്ജ് തന്നെയാണ്. യഥാർത്ഥത്തിൽ ജലയാത്ര സാധ്യമാകുന്നതിനായി നദികൾക്ക് മുകളിലൂടെ ഒരുക്കിയിരിക്കുന്ന ഒരു കനാലാണിത്. നാവിഗബിൾ അക്വേഡക്റ്റുകൾ എന്നാണ് ഇവയെ പൊതുവെ വിളിക്കുന്നത്.
1930 ലാണ് ഇത്തരത്തിൽ ഒരു ബ്രിഡ്ജ് നിർമാണം ആരംഭിച്ചത്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഇതിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. പിന്നീട് വീണ്ടും 1997 ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. 2003 ൽ ഈ വാട്ടർ ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയായി. യൂറോപ്പിലെ ഏറ്റവും വലിയ കനാലുകളിൽ ഒന്നാണിത്. 918 മീറ്റർ നീളമാണ് ഈ വാട്ടർ ബ്രിഡ്ജിനുള്ളത്. വിനോദസഞ്ചാരികൾക്ക് പുറമെ നിരവധി വാണിജ്യ കപ്പലുകളും ഈ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
Story Highlights: Magdeburg Water Bridge in Germany