സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പ്രേക്ഷകരിലേക്ക്; ജൂലൈ 2 മുതൽ ‘മേജര്‍’ എത്തുന്നു
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന പേര് അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ ഒരുങ്ങുകയാണ്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘മേജര്‍’ എന്നാണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഷി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ രണ്ടിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Read also:ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ
2008 നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ ആദിവി വീഡിയോയില്‍ വിശദീകരിച്ചു. ‘ഈ സിനിമ സംസാരിക്കുന്നത് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും അദിവി വിഡിയോയിൽ പറയുന്നുണ്ട്.
Story Highlights: Major to release on 2 July 2021