താടിയും മുടിയും നീട്ടിവളർത്തിയ മമ്മൂക്ക; സോഷ്യൽ ഇടങ്ങളിൽ ചർച്ചയായ പുതിയ ലുക്ക്
ചലച്ചിത്രലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ ഏറെ ചർച്ചയാകാറുമുണ്ട്. നീളൻ താടിയും മുടിയുമായി കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ കൗതുകമാകുന്നത്.
അതേസമയം ഏത് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്നറിയാനുള്ള ആകാംക്ഷയിലാണ് മമ്മൂട്ടി ആരാധകർ. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയാകാം ഈ ലുക്ക് എന്നാണ് ഒരു കൂട്ടം സിനിമ പ്രേമികളുടെ പക്ഷം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ് ബി രണ്ടാം ഭാഗത്തിന് മുൻപ് തന്നെ അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഉണ്ടാകുമെന്ന് ചലച്ചിത്രതാരം സൗബിൻ സാഹിർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read also:ആദ്യഗാനം മുതൽ ആസ്വാദക ഹൃദയം കവർന്ന കലാകാരൻ; പിറന്നാൾ നിറവിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ
വൺ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യർ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.
Story Highlights:mammoottys latest look trending