ബലൂണില്ക്കെട്ടി ബഹിരാകാശത്തേയ്ക്ക് യുവാവ് അയച്ച സമൂസ ഒടുവില്‍ ചെന്നെത്തിയത് കാട്ടില്‍: വീഡിയോ
ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ ഇക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിരല്‍ത്തുമ്പിനരികെ നമുക്ക് ലഭിയ്ക്കുന്നു. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ബഹിരാകാശത്തേയ്ക്ക് അയച്ച ഒരു സമൂസയുടെ കഥയാണ്.
നിരാജ് ഗാന്ധെര്‍ എന്ന യുവാവാണ് വേറിട്ട ഈ സാഹസത്തിന് മുതിര്‍ന്നത്. ലണ്ടനില്‍ ചായ് വാല എന്ന പേരില്‍ ഒരു റസ്റ്റോറന്റ് നടത്തുകയാണ് അദ്ദേഹം. ഇന്ത്യക്കാരനായ നിരാജിന്റെ റസ്റ്റോറന്റില്‍ കൂടുതലും ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെയാണ്. അങ്ങനെയാണ് ആ ഭക്ഷണശാലയില്‍ സമൂസയും ഇടം പിടിച്ചത്. സമൂസയെ ബഹിരാകാശത്തേയ്ക്ക് അയച്ചാല്‍ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ച നിരാജ് ഒടുവില്‍ ആ സാഹസത്തിന് മുതിരുകയായിരുന്നു.
സമൂസ ഒരു ബോക്സിലാക്കിയ നിരാജ് ബലൂണില്‍ ബോക്സ് കെട്ടി മുകളിലേയ്ക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ബലൂണിന്റെ യാത്ര തിരിച്ചറിയാനായി ജി പിഎസ് ട്രാക്കറും ഗോ പ്രോ ക്യാമറയും ഘടിപ്പിച്ചു. സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു.
എന്നാല്‍ പാതിവഴിയില്‍വെച്ച് ജിപിസ് തകരാറിലായി. എങ്കിലും അല്പസമയം കഴിഞ്ഞപ്പോള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബലൂണ്‍ ഫ്രാന്‍സിലെ കെയ്ക്സിലെ കാട്ടിനുള്ളില്‍ ലാന്‍ഡ് ചെയ്തെന്ന് കണ്ടെത്തി.
അവിടെയുള്ള സമീപവാസികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിരാജ് പിന്നീട്. അങ്ങനെ അലെക്സ് എന്നയാളെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹമാണ് കാട്ടിനുള്ളില്‍ ബലൂണ്‍ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ലഭിച്ചെങ്കിലും പായ്ക്കറ്റിലെ സമൂസ നഷ്ടപ്പെട്ടിരുന്നു…
Story highlights: Man tries to send samosa into space Viral video