കുറ്റിക്കാട്ടിലൂടെ ഭക്ഷണമില്ലാതെ അലഞ്ഞുനടന്നത് 18 ദിവസം; അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ

സഹായത്തിന് ആരുമില്ലാതെ, പരിചയമില്ലാത്ത സ്ഥലത്ത്.. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടിവരുക ..കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നിയേക്കാം. എന്നാൽ സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ഇത്. ഓസ്ട്രേലിയൻ സ്വദേശിയായ റോബർട്ട് വെബർ എന്ന 58 കാരനാണ് കഥയിലെ നായകൻ. മൂന്നാഴ്ചകൾക്ക് മുൻപാണ് റോബർട്ട് വെബറിനെ കാണാതായത്. അടുത്ത പ്രദേശങ്ങളിലെല്ലാം അദ്ദേഹത്തെ തിരഞ്ഞ് നടന്നെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ 18 ദിവസങ്ങൾക്ക് ശേഷമാണ് കാടിന് സമീപത്തെ ഡാമിന് അടുത്തുവെച്ച് റോബർട്ട് വെബറിനെ പൊലീസ് കണ്ടെത്തിയത്.
ഓസ്ട്രേലിയയിലെ കിൽക്കിവാനിലെ ഒരു ഹോട്ടലിൽവെച്ച് ജനുവരി ആറിനാണ് റോബർട്ട് വെബർ യാത്ര തുടങ്ങിയത്. യാത്രയിൽ അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ നായയും ഉണ്ടായിരുന്നു. കാറിലാണ് ഇരുവരും യാത്ര തുടങ്ങിയത്. എന്നാൽ കാർ വഴിയിൽവെച്ച് ഒരു അഴുക്കുചാലിൽ കുടുങ്ങി. അവിടെനിന്നും കാർ പുറത്തെടുക്കാനാവാതെ മൂന്ന് ദിവസം അദ്ദേഹം അതിൽത്തന്നെ കഴിച്ചുകൂട്ടി. പിന്നീട് അവിടെ നിന്നും രക്ഷപെടാൻ ഒരു വഴിതേടി നടന്ന അദ്ദേഹം അവസാനം എത്തിയത് ഒരു ഡാമിന് സമീപത്താണ്. അവിടെ നിന്നും ലഭിച്ച കൂണുകളും വെള്ളവും മാത്രം കഴിച്ചാണ് അദ്ദേഹം വിശപ്പടക്കിയത്.
Read also: ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ
പൊലീസ് അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ഒരു മരത്തിനടിയിൽ ഇരിക്കുകയായിരുന്നു റോബർട്ട് വെബർ. രണ്ടാഴ്ചയിൽ പലതവണ പൊലീസ് അവിടെ തിരച്ചിൽ നടത്തിയെങ്കിലും അപ്പോഴൊന്നും അവിടെ അദ്ദേഹത്തെ കണ്ടിരുന്നില്ല. എന്നാൽ അദ്ദേഹത്തെ കണ്ടെത്തിയ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായ പരിക്കുകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ ഉടൻ തന്നെ വീട്ടിലേക്ക് മാറ്റാൻ കഴിയും. എന്നാൽ റോബർട്ട് വെബറിന്റെ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Story Highlights:man who survived forest for 18 days