നരസിംഹത്തില്‍ മോഹന്‍ലാലിനോടൊപ്പം ബോളിവുഡില്‍ ഷാരൂഖ് ഖാനോടൊപ്പവും; ഓര്‍മയായത് തലയെടുപ്പിന്റെ ഇതിഹാസം
മംഗലാംകുന്ന് കര്‍ണന്‍… വെറും ഒരു ആനയുടെ പേരായിരുന്നില്ല. തലയെടുപ്പിന്റെ ഏറ്റവും മഹത്തരമായ ഇതിഹാസം… പെരുമയേറെയുള്ള മംഗലാംകുന്ന് കര്‍ണന്‍ എന്ന നാട്ടാന ഓര്‍മയാകുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് അഴകും പ്രൗഡിയും തലയെടുപ്പും ഒത്തിണങ്ങിയ ഏറ്റവും പ്രിയപ്പെട്ട ആനയെയാണ്. ഒരുപക്ഷെ തലയെടുപ്പിന്റെ കാര്യത്തില്‍ കര്‍ണനെ വെല്ലാന്‍ ഇന്നാട്ടില്‍ ഇതുവരെ മറ്റാനകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പറയാം.
നിലവിന്റെ തമ്പുരാന്‍ എന്നായിരുന്നു കര്‍ണന്റെ വിളിപ്പേര്. (ആനയുടെ തലയെടുപ്പിനെ വിശേഷിപ്പിക്കുന്ന പേരാണ് നിലവ് എന്നത്). തലപ്പൊക്ക മത്സരങ്ങളില്‍ കര്‍ണന്‍ കൈയടി നേടിയപ്പോള്‍ തലയെടുപ്പോടെയുള്ള ആ നില്‍പ് കണ്ട് അതിശയിച്ചിട്ടുണ്ട് പലരും. പൂരപ്പറമ്പുകളിലെ ആവേശമായിരുന്നു കര്‍ണന്‍. തിടമ്പേറ്റിയുള്ള കര്‍ണന്റെ വരവ് ആനപ്രേമികള്‍ക്ക് ഇനി എക്കാലത്തും പ്രിയപ്പെട്ട ഓര്‍മ മാത്രമായി അവശേഷിച്ചിരിയ്ക്കുന്നു. കര്‍ണാപ്പിയെന്നാണ് പ്രിയപ്പെട്ട പലരും മംഗലാംകുന്ന് കര്‍ണനെ ഓമനിച്ച് വിളിച്ചിരുന്നത്.
ദേശങ്ങളുടെ അതിരവരമ്പുകള്‍ ഭേദിച്ചും മംഗലാകുന്ന് കര്‍ണന്‍ എന്ന നാട്ടന പലര്‍ക്കും പ്രിയപ്പെട്ടവനായി. എന്തിനേറെ പറയുന്നു സിനിമാ പ്രേക്ഷകര്‍ക്ക് പോലും അത്രേേമാല്‍ പ്രിയപ്പെട്ടവനായിരുന്നു ഈ ആന. മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല കര്‍ണന്റെ സിനിമാ പാരമ്പര്യം. അത് ചെന്നെത്തി നില്‍ക്കുന്നത് അങ്ങ് ബോളിവുഡില്‍ വരെയാണ്.
മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ സംഘട്ടന രംഗത്ത് മംഗലാംകുന്ന് കര്‍ണന്‍ തലയെടുപ്പോടെ ഉണ്ടായിരുന്നു. ജയറാം നായകനായെത്തിയ കഥാനായകന്‍ എന്ന ചിത്രത്തിലും കാണാം കര്‍ണന്റെ തലയെടുപ്പ്. ഷാരൂഖ് ഖാനും പ്രീതി സിന്റയും പ്രധാന കഥാപാത്രങ്ങളായെത്തിയ ദില്‍സേ എന്ന മണിരത്‌നം സംവിധാനം നിര്‍വഹിച്ച ചിത്രത്തിലുമുണ്ട് കര്‍ണന്‍. ചിത്രത്തിലെ ജിയാ ജലേ… എന്ന പാട്ടുരംഗത്തിലാണ് കര്‍ണന്‍ ഇടം നേടിയത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിച്ച് ഈ പാട്ട് ഇന്നും പാട്ടാസ്വാദകരുടെ ഹൃദയത്തിലുണ്ട്. ഇതിനെല്ലാം പുറമെ ഒട്ടനവധി പരസ്യ ചിത്രങ്ങളിലും നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് കര്‍ണന്‍.
ഉത്തരേന്ത്യയില്‍ നിന്നുമാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. ബിഹാറില്‍ നിന്നും നാണു എഴുത്തച്ഛനാണ് കര്‍ണനെ കേരളത്തിലെത്തിച്ചത്. മനിശ്ശേരി ഹരിദാസിന്റെ സംരക്ഷണത്തില്‍ മനശ്ശേരി കര്‍ണന്‍ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് മംഗലാംകുന്ന് തറവാട്ടിലെത്തുന്നത്. ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള തറവാടാണ് മംഗലാംകുന്ന്. ഈ ആനത്തറവാട്ടില്‍ വെച്ചുതന്നെയായിരുന്നു മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞതും…
Story highlights: Mangalamkunnu Karnan – Mollywood and Bollywood star among elephants