ഇന്ത്യയിലും നിഗൂഢലോഹസ്‌തംഭം; പ്രത്യക്ഷപ്പെട്ടത് അഹമ്മദാബാദിലെ പാർക്കിൽ

January 1, 2021

കുറച്ച് നാളുകളായി ലോകത്തിന്റെ വിവിധ ഇടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നിഗൂഢ സ്തംഭങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരത്തിൽ നിഗൂഢ ലോഹസ്‌തംഭം കണ്ടെത്തിയതായി റിപ്പോർട്ട്. അഹമ്മദാബാദിലെ സിംഫണി പാർക്കിലാണ് നിഗൂഢ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏകദേശം ആറടി ഉയരമുള്ള ലോഹത്തൂൺ ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം വൈകുന്നേരം പാർക്കിലെ ജോലി അവസാനിപ്പിച്ച് പോകുന്നതുവരെ ഇങ്ങനെ ഒരു തൂൺ ഇവിടെ ഇല്ലായിരുന്നുവെന്ന് പാർക്കിലെ സുരക്ഷാ ജീവനക്കാരൻ അറിയിച്ചു. മണ്ണിൽ നിന്നും ഉയർന്ന നിലയിലാണ് ലോഹത്തൂൺ കാണുന്നത്. എന്നാൽ ഇവിടെ ലോഹത്തൂൺ നാട്ടുന്നതിനായി കുഴി എടുത്തതിന്റെ ഒരു അടയാളങ്ങളും ഇല്ലെന്നും സുരക്ഷാ ജീവനക്കാരൻ അറിയിച്ചു.

Read also:50-ആം ജന്മദിനത്തിൽ കലാഭവൻ മണി; ഹൃദയം കവർന്ന മാഷപ്പ് വീഡിയോ ഒരുക്കി ലിന്റോ കുര്യൻ

ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് നിരവധി ഇടങ്ങളിലാണ് ലോഹത്തൂൺ ഇതുവരെ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്കകം അവ അപ്രത്യക്ഷമാകുകയും ചെയ്തു. ഇവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദുരൂഹത നിറഞ്ഞ ലോഹത്തൂണുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ഒരു കൂട്ടം കലാകാരൻമാർ ആണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം ആയിട്ടില്ല. കഴിഞ്ഞ നവംബർ 18 നാണ് ആദ്യമായി അമേരിക്കയിലെ യൂടായിൽ വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത്. പിന്നീട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും ലോഹത്തൂൺ അപ്രത്യക്ഷമാകുകയിരുന്നു. അതിന് പിന്നാലെ നിരവധി ഇടങ്ങളിൽ ലോഹത്തൂൺ കണ്ടെത്തിയിരുന്നു.

Story Highlights:mysterious monolith found in ahmedabad