ദേശീയ പുരസ്കാര നിർണയത്തിൽ അവസാന റൗണ്ടിൽ മാറ്റുരയ്ക്കാൻ 17 മലയാള ചിത്രങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള അവസാന റൗണ്ടിൽ ഇടംനേടി 17 മലയാള ചിത്രങ്ങൾ. പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത ‘സമീര്‍’, ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ സംവിധാനം ചെയ്ത ‘വാസന്തി’, മധു സി. നാരായണന്റെ ‘കുമ്പളങ്ങി നൈറ്റ്സ്’, ആഷിഖ് അബുവിന്റെ ‘വൈറസ്’, അനുരാജ് മനോഹറിന്റെ ‘ഇഷ്ക്’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’, ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്’ എന്നീ ചിത്രങ്ങളാണ് അവസാന ഘട്ട റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.
2019 ലെ പുരസ്കാരങ്ങളാണ് നല്‍കുന്നത്. മാര്‍ച്ചിലായിരിക്കും പുരസ്കാര പ്രഖ്യാപനം. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങൾക്കാണ് ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ മത്സരിക്കുന്നത്. അഞ്ച് പ്രാദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്. ദേശീയ ജൂറി അംഗങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
അതേസമയം, ‘ഒത്തസെറുപ്പ് സൈസ് 7’ എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ് നടൻ പാർത്ഥിപൻ മികച്ച നടനുള്ള മത്സരത്തിൽ ഉണ്ടെന്നാണ് സൂചന. കൊവിഡ് പ്രതിസന്ധി കാരണം, സിനിമ ചിത്രീകരണത്തിനൊപ്പം സംസ്ഥാന, ദേശീയ പുരസ്കാര നിർണയവും പ്രതിസന്ധിയിലായിരുന്നു.
Story highlights- national film awards 2019