ഇതാണ് നെയ്യാറ്റിൻകര ഗോപൻ- ‘ആറാട്ടി’ന്റെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പഴിതാ, പുതിയ പോസ്റ്ററും ശ്രദ്ധ നേടുകയാണ്.
കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും, ഡബിൾ മുണ്ടും അണിഞ്ഞിരിക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മികച്ച പ്രതികരണമാണ് പുതിയ പോസ്റ്ററിന് ലഭിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്.
സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിച്ച ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.
Read More: ലൂസിഫർ തെലുങ്ക് റീമേക്കിൽ നായികയായി പ്രിയാമണി
മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്.
Story highlights- neyyattinkara gopante arattu poster