തോൽക്കാൻ മനസില്ല; കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു, എയർപോർട്ട് തീമിൽ കഫേ ഒരുക്കി പൈലറ്റ്
കൊവിഡ് മഹാമാരി സൃഷ്ടിച്ച നഷ്ടങ്ങൾ ചെറുതല്ല. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും വരുമാനം നഷ്ടമായവരുമൊക്കെ നിരവധിയാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാവൂ, ഇത്തരക്കാരാണ് ജീവിതത്തിലെ ഹീറോയും. അത്തരത്തിൽ ഒരു ഹീറോയാണ് അലക്സാണ്ടർ ടോറസ് എന്ന ഫ്രഞ്ചുകാരനും.
ഖത്തർ എയർവേസിൽ ജോലി ചെയ്തിരുന്ന പൈലറ്റ് ആയിരുന്നു അലക്സാണ്ടർ. കൊവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമായതോടെ എന്തുചെയ്യണം എന്നറിയാതെ അലക്സാണ്ടറും ദുഃഖത്തിലായി. എന്നാൽ തോൽക്കാൻ മനസ്സില്ലാതിരുന്ന അലക്സാണ്ടർ പറക്കാനായുള്ള തന്റെ ഇഷ്ടത്തെ കളയാതെ തന്നെ ഒരു ജോലിക്കായി ശ്രമിച്ചു. ഇതിനായി സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ അലക്സാണ്ടർ തീരുമാനിച്ചു. വടക്കൻ അയർലണ്ടിലെ ബെൽമോണ്ട് റോഡിൽ സ്വന്തമായി ഒരു കഫേ അലക്സാണ്ടർ ആരംഭിച്ചു. ‘ഫ്ളൈറ്റ് 7’ എന്ന് പേര് നൽകിയ ഈ കഫേ പൂർണമായും എയർപോർട്ട് തീമിലാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ബിസിനസിന്റെ തുടക്കത്തിൽ വീട്ടിലിരുന്ന് ഭക്ഷണം പാകം ചെയ്ത് ഓൺലൈനായി എത്തിച്ചു നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഒരു കഫേ തുടങ്ങുകയായിരുന്നു അലക്സാണ്ടർ. പൈലറ്റായി ജോലി ചെയ്തിരുന്ന സമയത്ത് വിവിധ നാടുകളിൽ പോയി വിവിധ രുചികളിൽ അലക്സാണ്ടർ ഭക്ഷണം കഴിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രുചികൾ തന്റെ കഫേയിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അലക്സാണ്ടർ. എന്നാൽ കൊവിഡിന് ശേഷം തന്റെ പഴയ ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഈ പൈലറ്റ്.
Story Highlights:Pilot who lost his job during Covid opens aviation-themed cafe