‘ഒന്നു വീതം മൂന്ന് നേരം’ കവിത വായിച്ചാല്‍ ചിലപ്പോള്‍ രോഗം മാറിയേക്കും; കേട്ടിട്ടുണ്ടോ ലോകത്തിലെ ആദ്യ കവിതാ ഫാര്‍മസിയെക്കുറിച്ച്…
തലവാചകം വായിക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. കാരണം കവിത വായിച്ച് രോഗം മാറ്റാന്‍ പറ്റുമോ എന്ന് പലരും ചിന്തിച്ചേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാകില്ലെങ്കിലും മാനസികമായ രോഗാവസ്ഥകളെ ഭേദപ്പെടുത്താന്‍ കവിതകള്‍ക്ക് സാധിക്കുന്നു. മരുന്നുകള്‍ പോലെ കവിതകള്‍ രോഗികള്‍ക്ക് നല്കുന്ന പോയട്രി ഫാര്‍മസികള്‍ പോലുമുണ്ട്.
ലോകത്തിലെ തന്നെ ആദ്യത്തെ കവിതാ ഫാര്‍മസി സ്ഥാപിക്കപ്പെട്ടത് ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലാണ്. കവിയായ ഡെബോറ അല്‍മയാണ് ഈ ഫാര്‍മസിക്ക് പിന്നില്‍. രോഗികള്‍ക്ക് വൈകാരികമായ സൗഖ്യം നല്‍കുക എന്നതാണ് കവിതാ ഫാര്‍മസിയുടെ ലക്ഷ്യം. ആദ്യകാലത്ത് ഈ കവിതാ ഫാര്‍മസി ഒരു കവിതാ ആംബുലന്‍സ് ആയിരുന്നു. അതായത് അത്യാവശ്യഘട്ടങ്ങളില്‍ പലരുടേയും അടുത്ത് കവിതയുമായി ചെല്ലുന്നു. അവര്‍ക്ക് കവിത വായിക്കാന്‍ നല്‍കുകയും ചെയ്യും. പിന്നീടാണ് കവിതാ ഫാര്‍മസിയായി മാറിയത്.
ഒരു രോഗം പിടിപെടുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമെ മാനസികമായും അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ഇത്തരം അസ്വസ്ഥകള്‍ പരിഹരിക്കാനാണ് ഫാര്‍മസിയിലെ കവിതകള്‍ ഉപയോഗപ്പെടുത്തുന്നത്. കവിതകളടങ്ങുന്ന സാഹിത്യകൃതികള്‍ മാനസികമായ ആരോഗ്യത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ പലരും കവിതകള്‍ അന്വേഷിച്ച് കവിതാ ഫാര്‍മസിയില്‍ എത്താറുമുണ്ട്.
Read more: കൈയും പിന്നില്‍ കെട്ടി ഒറ്റ ശ്വാസത്തില്‍ വെള്ളത്തിനടിയിലൂടെ അദ്ദേഹം നടന്നു; 96 മീറ്റര്‍: വീഡിയോ
മടി, അലസത, അപകര്‍ഷതാബോധം തുടങ്ങിയ അസ്വസ്ഥതകള്‍ പരിഹരിക്കാനാവശ്യമായ കവിതകളാണ് ഫാര്‍മസിയില്‍ ഏറെയും. ജനങ്ങളില്‍ നിന്നുപോലും മികച്ച അഭിപ്രായങ്ങളാണ് കവിതാ ഫാര്‍മസിക്ക് ലഭിയ്ക്കാറുള്ളതും. മരുന്ന് കുപ്പികള്‍ക്ക് സമാനമായ ചെറിയ കുപ്പികളില്‍ അടച്ചുവെച്ചിരിക്കുന്ന കവിതാ വരികളെ ഫാര്‍മസിയില്‍ കാണാം. ആവശ്യക്കാര്‍ക്ക് കവിതകള്‍ നല്‍കുന്നതിന് പുറമെ കവിതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ചെറിയ സംവാദങ്ങള്‍ക്കും പുസ്തകപ്രകാശനങ്ങള്ക്കുമൊക്കെ കവിതാ ഫാര്‍മസിയില്‍ സൗകര്യങ്ങളുണ്ട്.
Story highlights: Poetry Pharmacy in England