മുറി ഹിന്ദിയും ഹൃദയംനിറയെ കരുതലും; സൗമ്യതകൊണ്ട് ഹൃദയംകവർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ഊഷ്മളം ഈ വീഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വീഡിയോയുണ്ട്. മുറി ഹിന്ദിയിൽ വിനോദസഞ്ചാരികളോട് സംസാരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. ഇന്ത്യയിൽ നിന്നും ഭൂട്ടാനിൽ എത്തിയ വിനോദസഞ്ചാരികളോടാണ് വളരെ ഹൃദ്യമായ ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നത്. കൊവിഡ് വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഭൂട്ടാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്തോ- ഭൂട്ടാൻ അതിർത്തി പരിസരത്ത് എത്തിയ വിനോദസഞ്ചാരികളോട് അദ്ദേഹം തിരികെ പോകാൻ അഭ്യർത്ഥിക്കുന്നത്.
ഭൂട്ടാനിൽ എത്തിയ ഇന്ത്യക്കാർക്ക് വേണ്ടി മുറി ഹിന്ദിയിലാണ് അദ്ദേഹം സംസാരിക്കുന്നത് എന്നതാണ് ഏറെ ആകർഷകം. വളരെ അധികം ശാന്തവും സൗമ്യവുമായ സ്വരത്തിലാണ് അദ്ദേഹം അവിടെ എത്തിയവരോട് സംസാരിക്കുന്നത് എന്നതാണ് ഈ വീഡിയോയെ ഇത്രമേൽ സ്വീകാര്യമാക്കിയതും. ലോക്ക് ഡൗൺ ആയതിനാൽ ദയവായി തിരികെ പോകണമെന്നും രാത്രി ആകുന്നതിന് മുൻപ് തന്നെ എല്ലാവരും സുരക്ഷിതരായി വീടുകളിൽ എത്തണമെന്നും പറയുന്ന അദ്ദേഹം കൊവിഡിനെതിരെയുള്ള മുൻകരുതലുകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ രാജാവും തമ്മിലുള്ള ഊഷ്മളായ സ്നേഹത്തെക്കുറിച്ചുപോലും വാചാലനാകുന്നുണ്ട് ഈ പൊലീസുകാരൻ.
വിനോദസഞ്ചാരികളിൽ ആരോ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ഈ പൊലീസ് ഓഫീസറുടെ സ്നേഹവും കരുതലും എത്രമാത്രമാണെന്നും എത്ര സൗമ്യമായാണ് അദ്ദേഹം സംസാരിക്കുന്നതെന്നുമാണ് ഈ വീഡിയോ ഏറ്റെടുത്തവർ അഭിപ്രായപ്പെടുന്നത്.
Story Highlights: police officer wins hearts with his politeness